തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൻ്റെ സമയം അവസാനിച്ചപ്പോൾ ഏഴ് ജില്ലകളിലായി ശരാശരി 70 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. എറണാകുളം ജില്ലയാണ് പോളിങ് ശതമാനത്തിലും വോട്ടുകളുടെ എണ്ണത്തിലും മുന്നിൽ – 74.52%. തിരുവനന്തപുരം ശതമാനക്കണക്കിൽ ഏറ്റവും പിന്നിലാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങിയ 7 ജില്ലകളിലെ 595 തദ്ദേശസ്ഥാപനങ്ങളിലെ 11,167 വാര്‍ഡുകളിലേക്ക് 36,620 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. മൂന്ന് കോർപ്പറേഷനുകൾ 39 മുൻസിപ്പാലിറ്റികൾ, ഏഴ് ജില്ലാ പഞ്ചായത്തുകൾ, 75 ബ്ലോക്ക് പഞ്ചായത്തുകൾ, 471 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ് ജനവിധി. രാവിലെ ആറിന് മോക്പോളിങ് തുടങ്ങി. ഏഴുമുതല്‍ വൈകിട്ട് ആറുവരെയായിരുന്നു വോട്ടെടുപ്പ്. ആറ് മണി കഴിഞ്ഞും വോട്ട് ചെയ്യാൻ മിക്കയിടത്തും നീണ്ടനിരയായിരുന്നു.
ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് വോട്ടുകളാണ് ചെയ്യാനുണ്ടായിരുന്നത്. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഒരു വോട്ട് മാത്രമാണ്. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴുജില്ലകളിൽ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. 13-ന് രാവിലെ വോട്ടെണ്ണും.

തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ മൂന്ന് കോർപ്പറേഷനുകൾ, 471 ഗ്രാമപഞ്ചായത്തുകൾ, 75 ബ്ലോക്ക് പഞ്ചായത്തുകൾ, 39 മുൻസിപ്പാലിറ്റികൾ എന്നിവയാണ് ഒന്നാംഘട്ടത്തിൽ ഉൾപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ. 15,432 പോളിംഗ് സ്റ്റേഷനുകളിലായി 1.32 കോടി വോട്ടർമാരാണ്(പുരുഷൻമാർ – 62,51,219, സ്ത്രീകൾ – 70,32,444, ട്രാൻസ്‌ജെൻഡർ – 126) ഇന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയത്. 456 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്. പഞ്ചായത്തുകളിൽ ആകെ 1,01,46,336 ഉം, മുനിസിപ്പാലിറ്റികളിൽ 15,58,524 ഉം, കോർപ്പറേഷനുകളിൽ 15,78,929 വോട്ടർമാരും ആണുള്ളത്.
ആകെ 36630 സ്ഥാനാർത്ഥികളാണ് (17056 പുരുഷന്മാരും, 19573 സ്ത്രീകളും, ഒരു ട്രാൻസ്‌ജെൻഡറും) മത്സരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വാർഡുകളിലേയക്ക് 27141 ഉം, ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് 3366 ഉം, ജില്ലാപഞ്ചായത്തിലേയ്ക്ക് 594 ഉം, മുനിസിപ്പാലിറ്റികളിലേയ്ക്ക് 4480 ഉം, കോർപ്പറേഷനുകളിലേയ്ക്ക് 1049 ഉം സ്ഥാനാർത്ഥികളുമാണ് മത്സരരംഗത്തുള്ളത്.
ആദ്യഘട്ടത്തിൽ ആകെ 15432 പോളിങ് സ്റ്റേഷനുകളാണുളളത്. ഇതിൽ 480 എണ്ണം പ്രശ്‌നബാധിത ബൂത്തുകളായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. കാൻഡിഡേറ്റ് സെറ്റിങ് കഴിഞ്ഞ 15432 കൺട്രോൾ യൂണിറ്റും 40261 ബാലറ്റ് യൂണിറ്റും പോളിങ്ങിനായി ഉണ്ടായിരുന്നു. 2516 കൺട്രോൾ യൂണിറ്റും 6501 ബാലറ്റ് യൂണിറ്റും റിസർവ്വായി കരുതി. വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ഏഴ് ജില്ലകളിലും തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിരുന്നത്.
