കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ട വോട്ടെടുപ്പിനായി വടക്കൻ കേരളം സജ്ജമായി. തൃശൂർ മുതൽ കാസർഗോഡ് വരെ ഏഴ് ജില്ലകള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തും. 470 പഞ്ചായത്തുകള്‍, 77 ബ്ലോക്ക് പഞ്ചായത്തുകള്‍, ഏഴ് ജില്ലാ പഞ്ചായത്ത്, 47 നഗരസഭ, മൂന്ന് കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നാക്കുക. ഏഴ് ജില്ലകളിലായി 72,46,269 പുരുഷന്മാരും 80,90,746 സ്ത്രീകളും 161 ട്രാന്‍സ്‌ജെന്‍ഡറുകളും ഉള്‍പ്പെടെ 1,53,37,176 പേർ സമ്മതിദാനാവാകാശം വിനിയോഗിക്കും. കണ്ണൂര്‍ ജില്ലയില്‍ 14 വാർഡുകളിലും കാസര്‍ഗോഡ് രണ്ട് വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. രാവിലെ 6 മണിക്ക് മോക് പോളിങ്ങ് തുടങ്ങും. രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ 2106 പ്രശ്‌ന ബാധിത ബൂത്തുകളും 18 അതീവ പ്രശ്‌നബാധിത ബൂത്തുകളുമുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകള്‍ ഉള്ളത് കണ്ണൂരിലാണ്. 1025 ബൂത്തുകള്‍. മലപ്പുറത്ത് 277 പ്രശ്‌നബാധിത ബൂത്തുകളും 18 അതീവ പ്രശ്‌നബാധിത ബൂത്തുകളും ഉണ്ട്. വയനാട്ടില്‍ 64ഉം കാസര്‍ഗോഡ് ഒന്‍പതും കോഴിക്കോട് ജില്ലയില്‍ 731 പ്രശ്‌നബാധിത ബൂത്തുകളുമുണ്ട്. പ്രശ്‌നബാധിത ബൂത്തുകളില്‍ അധികസുരക്ഷയും വെബ് കാസ്റ്റിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
