കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന വടക്കൻ കേരളത്തിൽ പോളിങ് 74.52 ശതമാനം. ഏഴുജില്ലകളിലായി നടന്ന വോട്ടെടുപ്പിൻ്റെ ആറുമണി വരെയുള്ള കണക്കുകളാണിത്. വയനാട് 75.90 ശതമാനവും മലപ്പുറത്ത് 75.81% ശതമാനവും പോളിങ് രേഖപ്പെടുത്തി.
തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. 470 പഞ്ചായത്തുകള്‍, 77 ബ്ലോക്ക് പഞ്ചായത്തുകള്‍, ഏഴ് ജില്ലാ പഞ്ചായത്ത്, 47 നഗരസഭ, മൂന്ന് കോര്‍പ്പറേഷനുകള്‍ എന്നിവ ഇതിൽ ഉൾപ്പെടും. ഏഴ് ജില്ലകളിലായി 72,46,269 പുരുഷന്മാരും 80,90,746 സ്ത്രീകളും 161 ട്രാന്‍സ്‌ജെന്‍ഡറുകളും ഉള്‍പ്പെടെ 1,53,37,176 പേരാണ് സമ്മതിദാനാവാകാശം വിനിയോഗിക്കേണ്ടിയിരുന്നത്. കണ്ണൂര്‍ ജില്ലയില്‍ 14 വാർഡുകളിലും കാസര്‍ഗോഡ് രണ്ട് വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വൈകീട്ട് ആറുമണിയോടെ വോട്ടെടുപ്പ് സമയം അവസാനിച്ചെങ്കിലും ക്യൂവിലുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചു. പ്രിസൈഡിങ് ഓഫീസര്‍ ഒപ്പിട്ട സ്ലിപ്പ് . ക്യൂവിലെ അവസാനയാള്‍ക്ക് വരെ നല്‍കും. തുടര്‍ന്ന് ഇവരും വോട്ട് രേഖപ്പെടുത്തിയശേഷം മാത്രമെ പോളിങ് അവസാനിപ്പിക്കുകയുള്ളൂ. പലയിടങ്ങളിലും ആറുമണിക്ക് ശേഷവും ഒട്ടേറെപേര്‍ വോട്ട് ചെയ്യാനായി വരിനില്‍ക്കുന്നുണ്ട്. ഇവിടങ്ങളിലെല്ലാം പോളിങ് പൂര്‍ത്തിയാക്കാന്‍ വൈകും. ഇതുകൂടി കണക്കാക്കിയെ അവസാന പോളിങ് ശതമാനം പ്രഖ്യാപിക്കൂ.
