തിരുവനന്തപുരം : പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ, ഇടതിന് മേൽക്കെ. 9 ഇടത്ത് എൽഡിഎഫിന് എതിരാളികളില്ല. മലപ്പട്ടം ഗ്രാമപഞ്ചായത്തിൽ രണ്ട് സ്ഥാനാർത്ഥികൾക്ക് എതിരില്ല. 12 ആം വാർഡിലെ ഇടത് സ്ഥാനാർത്ഥി ഷിഗിനക്കെതിരായ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളി. പഞ്ചായത്തിലെ മറ്റ് രണ്ടുവാർഡുകളിലെ ഇടത് സ്ഥാനാർത്ഥികൾക്കും എതിരാളികളില്ലായിരുന്നു. കണ്ണപുരം പഞ്ചായത്തിൽ പത്താം വാർഡിലെ ഇടത് സ്ഥാനാർത്ഥി പ്രേമ സുരേന്ദ്രൻ്റേയും മൂന്നാം വാർഡിലെ ഇടത് സ്ഥാനാർത്ഥി കെവി സജിനയുടേയും എതിരാളികളുടെ പത്രികകൾ തള്ളി. ഇവിടെ രണ്ട് ഇടങ്ങളിലും ഇടതിന് എതിരാളികളില്ല. ആന്തൂർ നഗരസഭയിലെ രണ്ട് വാർഡുകളിൽ ഇടത് സ്ഥാനാർത്ഥികൾക്കെതിരെ ആരും പത്രിക നൽകിയിരുന്നില്ല.
എറണാകുളം ജില്ലാ പഞ്ചായത്തിലെ കടമക്കുടി ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിയും നിലവിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എൽസി ജോർജ്ജിൻ്റെ പത്രിക തള്ളി. വിജയം സുനിശ്ചിതമാണെന്ന് കരുതിയ സീറ്റ് കൈവിട്ടതും ഇവിടെ ഡമ്മി സ്ഥാനാർത്ഥി ഇല്ലാത്തതും യുഡിഎഫിന് വൻ തിരിച്ചടിയായി. ഇതോടെ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലായി മാറും.
കല്പറ്റയിലും യുഡിഎഫിന് കനത്ത ആഘാതം ഏൽപ്പിച്ചു കൊണ്ടാണ് കെജി രവീന്ദ്രൻ്റെ പത്രികയും തള്ളിയത്. യുഡിഎഫ് ഇദ്ദേഹത്തെയായിരുന്നു നഗരസഭാ അദ്ധ്യക്ഷ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയിരുന്നത്. ഇവിടെ ഡമ്മി സ്ഥാനാർത്ഥിയുണ്ടായിരുന്നത് ആശ്വാസമായി. ഡമ്മി സ്ഥാനാർത്ഥിയായ പ്രഭാകരൻ്റെ പത്രിക സ്വീകരിച്ചു.
പിഴ അടച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളിലെ അവ്യക്തതയാണ് കെജി രവീന്ദ്രന് വിനയായത്. കോട്ടയം പാമ്പാടി 9 -ാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി രമണി മത്തായിയുടെ പത്രികയും തള്ളിയതിൽ ഉൾപ്പെടുന്നു.
തൃശൂരിലാണ് ബിജെപിക്ക് അക്കിടി പറ്റിയത്. ശ്രീനാരായണപുരം പഞ്ചായത്തിലെ ബിജെപി സ്ഥാനാർത്ഥി ഇഎസ് ഷൈബിയുടെ പത്രിക ജാതി സർട്ടിഫിക്കറ്റ് വെക്കാത്തതിനാൽ സ്വീകരിച്ചില്ല. പാലക്കാട് നഗരസഭയിൽ എൽഡിഎഫിൻ്റെ രണ്ട് സ്ഥാനാർത്ഥികളുടെ പത്രികയാണ് തള്ളിപ്പോയത്. മുൻ വർഷങ്ങളിലെ തെരഞ്ഞെടുപ്പ് കണക്ക് നൽകാത്തതാണ് കാരണം.
കോൺഗ്രസിന്റെ ട്രാൻസ് വുമൺ സ്ഥാനാർത്ഥികളായ അമേയ പ്രസാദിൻ്റെയും അരുണിമ കുറുപ്പിൻ്റെയും പത്രികകൾ സ്വീകരിച്ചത് യുഡിഎഫിന് ആശ്വാസമായി. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ പോത്തൻകോട് ഡിവിഷനിലാണ് അമേയ പ്രസാദ് പത്രിക സമർപ്പിച്ചിരുന്നത്. വനിതാ സംവരണ വാർഡിൽ ട്രാൻസ് വിഭാഗത്തിന് മത്സരിക്കാമോ എന്ന അവ്യക്തത മാറ്റിയാണ് പത്രിക സ്വീകരിച്ചത്. രേഖകളിൽ സ്ത്രീ എന്ന് രേഖപ്പെടുത്തിയതിനാൽ വനിതാ സംവരണ വാർഡിൽ മത്സരിക്കുന്നതിന് തടസ്സമില്ലെന്നാണ് കണ്ടെത്തിയത്. ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ വയലാർ ഡിവിഷനിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി അരുണിമ എം കുറുപ്പ് മത്സരിക്കുന്നത്.
