തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ലന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. രാഷ്ട്രീയ വോട്ടുകളും ജില്ലാപഞ്ചായത്ത് അടിസ്ഥാനത്തിലെ വോട്ട് കണക്കും ഇടതുമുന്നണിക്ക് അനുകൂലമാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തൽ.
സർക്കാരിനോടുള്ള എതിർപ്പല്ല, മറ്റു ഘടകങ്ങളാണ് ഫലത്തെ സ്വാധീനിച്ചത്. എതിർപ്പുകളെ മറികടന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചു വരാനാകുമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തി.
രാഷ്ട്രീയമായി ജനം വോട്ട് ചെയ്ത കണക്കെടുത്താൽ 68 മണ്ഡലങ്ങളിൽ എൽഡിഎഫിനാണ് ലീഡെന്നും പാർട്ടി വിലയിരുത്തുന്നു. ജില്ലകൾ തിരിച്ചുള്ള കണക്കുകളാണ് സിപിഐഎം , സിപിഐ നേതൃയോഗങ്ങൾ വിലയിരുത്തുന്നത്. സ്ഥാനാർത്ഥി നിർണ്ണയം തിരുവനന്തപുരം, കൊല്ലം കോർപ്പറേഷനുകളിലും ചില ജില്ലാ പഞ്ചായത്തുകളിലും പാളിയെന്ന് സിപിഐഎമ്മിനുള്ളിൽ അഭിപ്രായമുണ്ട്. സാമുദായിക സമവാക്യങ്ങൾ പാലിക്കാതെയാണ് പലയിടത്തും സ്ഥാനാർത്ഥികളെ നിശ്ചയിച്ചതെന്നും സിപിഐക്കുള്ളിലും വിമർശനമുണ്ട്.
എന്തൊക്കെ തിരുത്തല്‍ വേണമെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിക്കാന്‍ അണികളോട് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. കത്തെഴുതിയും ഇമെയിൽ ഐഡി വഴിയും പൊതുജനങ്ങളുടെ അഭിപ്രായവും പാർട്ടി സമാഹരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനുള്ള ഇടതു പാർട്ടികളുടെ നേതൃയോഗങ്ങൾ തുടരുകയാണ്. പത്തു മണിയോടെ ആരംഭിച്ച സിപിഐഎമ്മിന്റെയും സിപിഐയുടെയും സെക്രട്ടറിയേറ്റ് യോഗങ്ങളാണ് തിരുവനന്തപുരത്ത് പുരോഗമിക്കുന്നത്. തുടർന്ന് നാളെ ഇടതുമുന്നണി യോഗം ചേരും.
