കണ്ണൂർ : ആന്തൂർ നഗരസഭയിൽ മൂന്നിടത്ത് കൂടി എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തളിയിൽ, കോടല്ലൂർ വാർഡുകളിലെ UDF പത്രിക തള്ളിയതോടെയും അഞ്ചാംപീടികയിൽ യുഡിഎഫ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ചതോടെയുമാണ് എൽഡിഎഫ് വിജയം ഉറപ്പിച്ചത്. ഈ വാർഡുകളിലൊന്നും മറ്റൊരു സ്ഥാനാർത്ഥികൾ ഇല്ലാതെ പോയതും ഇടത് വിജയം സുനിശ്ചിതമാക്കി. കോടല്ലൂർ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഇ രജിതയും തളിയിൽ കെ വി പ്രേമരാജനുമാണ് വിജയം നേടിയത്.
ഇതടക്കം ഇവിടെ അഞ്ച് വാർഡുകളിൽ എൽഡിഎഫ് എതിരില്ലാതെ ജയം സ്വന്തമാക്കി. കോൾമൊട്ട, തളിവയൽ വാർഡുകളിൽ UDF പത്രിക അംഗീകരിച്ചു. അഞ്ചാം പീടിക വാർഡിൽ UDFവിൻ്റെ പത്രിക അംഗീകരിച്ചെങ്കിലും സ്ഥാനാർത്ഥി ലിവ്യ പത്രിക പിൻവലിക്കുകയായിരുന്നു. കണ്ണപുരം പഞ്ചായത്തിലെ ഒന്ന്, എട്ട് വാർഡുകളിലെ യുഡിഎഫ്, ബിജെപി പത്രികകൾ തള്ളി. പുന:ർസൂക്ഷ്മപരിശോധനയിലാണ് പത്രികകൾ തള്ളിയത്. ഇതോടെ കണ്ണപുരത്ത് ആറ് വാർഡുകളിൽ എൽഡിഎഫിന് എതിരാളികളില്ലാതായി.
മൊറാഴ, പൊടിക്കുണ്ട് വാർഡുകളിൽ ആദ്യമെ സിപിഎമ്മിന് എതിരാളികളില്ലായിരുന്നു. കണ്ണപുരം പഞ്ചായത്ത്- 6, ആന്തൂർ നഗരസഭ – 5, മലപ്പട്ടം -3 എന്നിങ്ങനെ നിലവിൽ കണ്ണൂരിൽ ആകെ 14 ഇടത്ത് LDF ന് എതിരല്ലാതെ വിജയം നേടി.
