തൃശൂർ : തൃശൂർ നിവാസികളുടെ ദീർഘകാലത്തെ സ്വപ്നം സാക്ഷാത്കരിക്കാനായിയെന്നും അതിന് കാരണം ജനങ്ങൾ സമ്മാനിച്ച തുടർഭരണമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ആദ്യ ഡിസൈനർ മൃഗശാലയായ തൃശ്ശൂരിലെ പുത്തൂര്‍ സുവോളിക്കല്‍ പാര്‍ക്ക് നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പല പദ്ധതികളെയും പോലെ പാതിയിൽ മന്ദീഭവിക്കുന്ന സ്ഥിതി പുത്തൂർ സുവോളജിക്കൽ പാർക്കിന് ഉണ്ടായില്ല. നാലു പതിറ്റാണ്ട് നീണ്ട ജനങ്ങളുടെ കാത്തിരിപ്പിനാണ് വിരാമമായത് – അദ്ദേഹം പറഞ്ഞു.
നമ്മുടെ നാടിന് പല ദുരനുഭവങ്ങളുണ്ട്. ഒരു ഘട്ടത്തിൽ നന്നായി പോയ പ്രവർത്തനങ്ങൾ പിന്നീട് മന്ദീഭവിക്കുന്ന സാഹചര്യങ്ങൾ നിലവിലുണ്ട്. സുവോളജിക്കൽ പാർക്കിന് ആ ഗതി ഉണ്ടായില്ലെന്നത് ആശ്വാസകരം. നാല് പതിറ്റാണ്ടായി ഈ പദ്ധതി യാഥാർത്ഥ്യമാകാൻ ജനങ്ങൾ കാത്തിരിക്കുക ആയിരുന്നു. വൈലോപ്പിള്ളിയെ പോലെ നിരവധി പേരടെ ആഗ്രഹം ഇപ്പോൾ സാക്ഷാത്ക്കരിക്കപ്പെട്ടു.
കിഫ്ബി കേരളത്തിൻ്റെ പശ്ചാത്തല വികസന രംഗത്ത് വലിയ സഹായം നൽകിയ സംവിധാനം. നമ്മുടെ നാടിൻ്റെ ആവശ്യങ്ങൾ നിറവേറ്റാൻ വിഭവശേഷി വെച്ച് കഴിയാത്ത അവസ്ഥയുണ്ട്. വിഭവശേഷിക്ക് അനുസരിച്ച് പ്രവർത്തിച്ചാൽ കേരളം കാലാനുസൃതമായ പുരോഗതി നേടില്ല. വിദ്യാഭ്യാസ – ആരോഗ്യ രംഗങ്ങൾ അതിന് ഉദാഹരണങ്ങളാണ്. LDF 2016 ൽ അധികാരത്തിൽ ഏറിയപ്പോൾ ഇവയെല്ലാം എങ്ങനെ മെച്ചപ്പെടുത്താം എന്നാണ് സർക്കാർ ആലോചിച്ചത്. ഈ ഘട്ടത്തിലാണ് മറ്റൊരു ധനസ്ത്രോതസിനെ കുറിച്ച് ആലോചിക്കുന്നത്. അങ്ങനെയാണ് കിഫ്ബി നടപ്പാക്കുന്നത്.
2021 ആയപ്പോൾ 62,000 കോടി രൂപ കിഫ്ബി വഴി വിവിധ പദ്ധതികളിലൂടെ ഏറ്റെടുക്കാൻ കഴിഞ്ഞു.വിദ്യാഭ്യാസ രംഗം ഏറ്റവും വലിയ മാതൃകയായി. 1000 ലേറെ സ്കൂളുകൾ അടച്ച് പൂട്ടാൻ അന്നത്തെ സർക്കാർ തീരുമാനിച്ചിരുന്നു. കിഫ്ബിയിലൂടെ വലിയ മാറ്റം പിന്നീടുണ്ടായി , 5000 കോടി രൂപ സ്കൂളുകൾക്കായി പിന്നീട് ചെലവഴിച്ചു. അതിൻ്റെ ഫലമായിരാജ്യത്തിൻ്റെ പ്രശംസ പിടിച്ചു പറ്റുന്ന മാറ്റങ്ങൾ വിദ്യാഭ്യാസ മേഖലയിലുണ്ടായി.
ആരോഗ്യ രംഗത്തെ തകർച്ച എല്ലാവരെയും വിഷമിപ്പിച്ച സംഗതിയാണ്. കിഫ്ബിയിലൂടെ ആ രംഗത്തും വലിയ മാറ്റങ്ങൾ ഉണ്ടായി. താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളജ് വരെ വലിയ പദ്ധതികൾ നടപ്പാക്കി. കോവിഡിന് നമ്മുടെ ആരോഗ്യ സംവിധാനങ്ങളെ മറികടന്ന് പോകാത്ത അവസ്ഥയിലേക്ക് നാം കാര്യങ്ങൾ എത്തിച്ചു. കോവിഡിൻ്റെ മൂർദ്ധന്യദിശയിൽ നമ്മൾ ലോകത്തെയും രാജ്യത്തെയും വിസ്മയിപ്പിച്ചു. 2016 – 21 കാലഘട്ടത്തിൽ ആരോഗ്യ രംഗത്ത് വന്ന മാറ്റം നാം പ്രത്യേകം ശ്രദ്ധിക്കണം. അമേരിക്കയിൽ 5.6 ആണ് നവജാത ശിശുമരണ നിരക്കെങ്കിൽ കേരളത്തിൽ അത് 5 ആണ്.
ദേശീയപാത ഭൂമി ഏറ്റെടുക്കലിന് 5060 കോടി രൂപ നാം കിഫ്ബിയിൽ നിന്നാണ് നൽകിയത്. കിഫ്ബിയിലൂടെ നാടിൻ്റെ വലിയ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ നമുക്കായി. അതിൻ്റെ മറ്റൊരു ദൃഷ്ടാന്തമാണ് സുവോളജിക്കൽ പാർക്കും.
2016ലെ LDF സർക്കാരിൻ്റെ ആദ്യ ബജറ്റിൽ തന്നെ പുത്തൂർ സുവോളജിക്കൽ പാർക്കിനായി ഫണ്ട് വകയിരുത്തി. പ്രകൃതി ദുരന്തങ്ങളും കോവിഡ് മഹാമാരിയും ഉൾപ്പെടെയുള്ള പ്രതിസന്ധികളെ അതിജീവിച്ചാണ് പാർക്ക് യാഥാർത്ഥ്യമാക്കിയതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
378.92 കോടി രൂപ ചെലവിൽ നിർമ്മിച്ചിരിക്കുന്ന സുവോളിക്കല്‍ പാര്‍ക്ക് വന്യമൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് ഇണങ്ങുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. നൂറ്റി നാല്പതു വർഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിതമായ തൃശ്ശൂര്‍ മൃഗശാലയാണ് പുത്തൂരിലെ 336 ഏക്കറിലായി പടർന്നു കിടക്കുന്ന പാർക്കായി പരിണമിച്ചത്. നൂതന സംവിധാനങ്ങളും സൗകര്യങ്ങളുമടങ്ങുന്ന, കാടിന്റെ ജൈവ വൈവിദ്ധ്യത്തെ സമഗ്രമായി ഉൾക്കൊള്ളുന്ന രീതിയിലാണ് പാർക്ക് ഒരുക്കിയെടുത്തിട്ടുള്ളത്.
