തിരുവനന്തപുരം : പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങളില്‍ നിര്‍ണ്ണായകവിവരങ്ങൾ ശേഖരിച്ച് ക്രൈംബ്രാഞ്ച്. രണ്ട് യുവതികള്‍ ഗർഭച്ഛിദ്രത്തിന് വിധേയരായതായാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ആദ്യ ഗർഭച്ഛിദ്രത്തിന് ഇരയായ യുവതിയും ബന്ധുവുമാണ് രണ്ടാമത്തെ യുവതിയെ ഗർഭച്ഛിദ്രത്തിന് സഹായിച്ചതെന്നും വിവരമുണ്ട്.
സമാനമായ ദുരനുഭവം നേരിട്ട രണ്ടുപേരും ഒരേ തൊഴിൽ മേഖലയിലുള്ളവരാണ്. ഇതിൽ ഒരാളുടെ ശബ്ദരേഖമാത്രമാണ് പുറത്തുവന്നത്. മറ്റൊരാൾ ഗർഭഛിദ്രം നടത്തിയത് കേരളത്തിന് പുറത്തുള്ള ആശുപത്രിയിലാണ്. പരാതി നൽകാതിരിക്കാൻ രണ്ട് യുവതികൾക്കും ശക്തമായ സമ്മർദ്ദമുണ്ടെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നു. ഗർഭഛിദ്രം നടത്തിയതടക്കമുള്ള ആശുപത്രി രേഖകൾ ഇന്റലിജൻസ് ശേഖരിച്ചു.
ആരോപണമുന്നയിച്ചവർ ആരും ഇതുവരെ നേരിട്ട് പരാതികൾ നൽകിയിട്ടില്ലാത്തതിനാല്‍ നേരിട്ട് ഒരു കേസെടുക്കാന്‍ അന്വേഷണസംഘത്തിന് പരിമിതികളുണ്ട്. എന്നാല്‍ രാഹുലിനെ പ്രതിരോധത്തിലാക്കുന്ന ഗുരുതരമായ കണ്ടെത്തലുകളാണ് ക്രൈംബ്രാഞ്ച് സംഘത്തിൻ്റെ കൈവശമുള്ളത്. അതിനാൽ തന്നെ, ഗർഭഛിദ്രം നടത്തിയ യുവതികളുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം ശ്രമിച്ചിരുന്നെങ്കിലും ശബ്ദരേഖ പുറത്തുവിട്ട ഇര, മൊഴി നൽകാൻ തയ്യാറായില്ല. അന്വേഷണത്തോട് സഹകരിക്കാത്തതുകൊണ്ട് നിയമോപദേശം തേടിയശേഷം ബിഎൻഎസ് സെക്ഷൻ 88 പ്രകാരം കേസ് രജിസ്റ്റർ ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.
നേരത്തേ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരിൽ പരാതി നൽകിയ രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ളവരിൽനിന്നും മൊഴിയെടുത്തിരുന്നു. നിർബ്ബന്ധിത ഗർഭച്ഛിദ്രം നടത്തിയെന്ന ആരോപണത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതിപ്പെട്ട അഭിഭാഷകനിൽ നിന്ന് മൊഴിയെടുത്തു. പരാതിനൽകിയിരുന്ന കേരള കോൺഗ്രസ് നേതാവ് എ.എച്ച്. ഹഫീസിൽനിന്ന് നേരത്തേ മൊഴിയെടുത്തിരുന്നു.
