ബംഗളൂരു : കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒമ്പത് പേർ വെന്തുമരിച്ചു. ബെംഗളൂരുവിൽ നിന്ന് ഗോകർണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ സ്ലീപ്പർ കോച്ച് ബസ്സും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. കൂട്ടിയിടിക്ക് പിന്നാലെ ബസ്സിന് തീപ്പിടിക്കുകയും യാത്രക്കാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത വിധം തീ ആളിപ്പടരുകയുമായിരുന്നു. മരിച്ചവർ എല്ലാവരും ബസ്സിലെ യാത്രക്കാരാണെന്നാണ് പ്രാഥമിക വിവരം.
പോലീസ് നൽകുന്ന വിവരമനുസരിച്ച്, ഹിരിയൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡ് ഡിവൈഡർ മറികടന്ന് എതിർദിശയിൽ നിന്ന് വന്ന ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിച്ച ആഘാതത്തിൽ ബസ്സിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതാണ് പെട്ടെന്ന് തീ പടരാൻ കാരണമായതെന്ന് പറയുന്നു. മിനിറ്റുകൾക്കുള്ളിൽ തന്നെ ബസ് പൂർണ്ണമായും കത്തിയമർന്നു. മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണെന്ന് അധികൃതർ വ്യക്തമാക്കി.
അപകടസമയത്ത് ബസ്സിൽ 32 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 21 പേർക്ക് പരിക്കേൽക്കുകയും അവരെ ഹിരിയൂരിലെയും ചിത്രദുർഗയിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവർ വണ്ടിയോടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാകാം നിയന്ത്രണം വിടാൻ കാരണമെന്ന് ചിത്രദുർഗ പോലീസ് സംശയിക്കുന്നു. ലോറി ഡിവൈഡർ തകർത്ത് മറുഭാഗത്തെ റോഡിലേക്ക് ചാടി ബസ്സിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ആദിത്യ എന്ന യാത്രക്കാരൻ പറഞ്ഞത് രാത്രി 11:30-നാണ് ബസ് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ടതെന്നാണ്. പുലർച്ചെ രണ്ട് മണിയോടെ വലിയ ശബ്ദത്തോടെ ലോറി ബസ്സിലിടിച്ചു. ആഘാതത്തിൽ താഴെ വീണ താൻ ബസ്സിന്റെ ഗ്ലാസ് തകർത്ത് പുറത്തേക്ക് ചാടുകയായിരുന്നു. ആ സമയം ബസ്സിനുള്ളിൽ ആളുകൾ നിലവിളിക്കുന്നുണ്ടായിരുന്നുവെന്നും മിനിറ്റുകൾക്കുള്ളിൽ തന്നെ തീ ആളിപ്പടർന്ന് ബസ്സിനെ വിഴുങ്ങിയെന്നും ആദിത്യ പറഞ്ഞു. തീ പടർന്നതിനാൽ മറ്റുള്ളവരെ സഹായിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാട്ടുകാരും അഗ്നിശമന സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. തീ പൂർണ്ണമായും അണച്ച ശേഷമാണ് ബസ്സിനുള്ളിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്.
അപകടത്തെത്തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
