കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥികളുടെ പ്രചാരണത്തേക്കാൻ ശ്രദ്ധേയമാകുന്നത് ‘അളിയൻമാരു’ടെ പോരാണ്!
ഉമ്മൻചാണ്ടിയുടെ പേരിൽ കൊടുങ്ങല്ലൂരിൽ ആരും മുതലക്കണ്ണീർ ഒഴുക്കണ്ടെന്ന ചാണ്ടി ഉമ്മന്റെ പരാമർശമാണ് തുടക്കം. ഉമ്മൻചാണ്ടിയുടെ മകളും ചാണ്ടി ഉമ്മൻ്റെ സഹോദരിയുമായ മറിയ ഉമ്മൻ്റെ ഭർത്താവും ബിജെപി സ്ഥാനാർത്ഥിയുമായ ഡോക്ടർ വർഗീസ് ജോർജിനെതിരെയായിരുന്നു പരാമർശം.
ഇതിന് മറുപടിയുമായി ഡോക്ടർ വർഗീസ് ജോർജ് കൂടി രംഗത്തെത്തിയതോടെ സംഭവം കൊഴുത്തു. ഉമ്മൻചാണ്ടിയുടെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാമെന്ന് വർഗ്ഗീസ് ജോർജ് തുറന്നടിച്ചു.
തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളെയും കൂട്ടി ഉമ്മൻ ചാണ്ടിയുടെ ശവക്കല്ലറയിൽ താൻ പോയിട്ടില്ലെന്നും. ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയമാണ് താൻ അംഗീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“തെരഞ്ഞെടുപ്പിന് മുൻപ് താൻ ഒറ്റയ്ക്ക് പോയി കല്ലറയിൽ തിരി കത്തിച്ചു മടങ്ങിപ്പോന്നിരുന്നു. തൻ്റെ പേര് ചേർത്ത് മുതലക്കണ്ണീർ ഒഴുക്കി എന്ന് പറയരുതെന്നും ചാണ്ടി ഉമ്മന് ഡോക്ടർ വർഗീസ് ജോർജ് മുന്നറിയിപ്പ് നൽകി.
കൊടുങ്ങലൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിന്റെ പ്രചാരണ പരിപാടിക്കിടെയായിരുന്നു ചാണ്ടി ഉമ്മൻ സ്വന്തം അളിയനും ബിജെപി സ്ഥാനാർത്ഥിയുമായ ഡോക്ടർ വർഗീസ് ജോർജിനെതിരെ വിമർശനം ഉന്നയിച്ചത്. “അടിയുറച്ച കോൺഗ്രസുകാരന്റെ പേരിൽ ആരും മുതലെടുക്കാൻ വരണ്ട. ഒ ജെ ജനീഷ് എന്റെ സഹോദരതുല്യനാണ്. ഒ ജെ ജനീഷ് ജയിക്കണമെന്നാണ് ഉമ്മൻ ചാണ്ടി ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ പേരിൽ ഇവിടെ ആരും മുതലക്കണ്ണീർ ഒഴുക്കേണ്ട.” ചാണ്ടി ഉമ്മൻ അന്നമനടിയിൽ പറഞ്ഞു.
