തിരുവനന്തപുരം : ആർഎസ്എസിന്റെ നൂറാം വാർഷികത്തെ അനുസ്മരിച്ച് നാണയവും തപാൽ സ്റ്റാമ്പും പുറത്തിറക്കിയ കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്‌എസിന്റെ ശതാബ്ദി തപാൽ സ്റ്റാമ്പും 100 രൂപ നാണയവും പുറത്തിറക്കി ആഘോഷിക്കുന്നത് ഭരണഘടനയോടുള്ള കടുത്ത അപമാനമാണെന്ന് പിണറായി വിജയൻ എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
നമ്മുടെ യഥാർത്ഥ സ്വാതന്ത്ര്യ സമര സേനാനികളുടെയും അവർ വിഭാവനം ചെയ്ത മതേതര, ഏകീകൃത ഇന്ത്യയുടെയും ഓർമ്മകൾക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ് ആർഎസ് എസിന് ഈ ദേശീയ ബഹുമതിയെന്നും പിണറായി വിജയൻ എക്സ് കുറിപ്പിൽ പറയുന്നു. സ്വാതന്ത്ര്യസമരത്തിൽ നിന്ന് വിട്ടുനിൽക്കുകയും കൊളോണിയൽ തന്ത്രവുമായി ഇണങ്ങിച്ചേർന്ന ഒരു വിഭജന പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഒരു സംഘടനയെ ഇത് സാധൂകരിക്കുന്നു – അദ്ദേഹം കൂട്ടിച്ചേർത്തു.
ആർഎസ്‌എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ബുധനാഴ്ചയാണ് ഭാരതാംബയുടെ ചിത്രം ആലേഖനം ചെയ്ത 100 രൂപയുടെ നാണയവും പ്രത്യേക സ്റ്റാമ്പും പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയത്. കേന്ദ്ര സാംസ്ക്കാരിക മന്ത്രാലയമാണ് ശതാബ്ദി ആഘോഷങ്ങൾ സംഘടിപ്പിച്ചത്. കേന്ദ്ര സാംസ്ക്കാരിക മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത്, ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, ആർഎസ്‌എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ, വിനയ് സഹസ്രബുദ്ധേ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇതാദ്യമായാണ് ഭാരതാംബയുടെ ചിത്രം ആലേഖനം ചെയ്ത നാണയം പുറത്തിറക്കുന്നത്. 100 രൂപ നാണയത്തിൽ ഒരു വശത്താണ് വരദമുദ്രയിൽ സിംഹത്തോടുകൂടിയ ഭാരതാംബയുടെ ചിത്രമുള്ളത്. സ്വയംസേവകർ ഭാരതാംബയെ വണങ്ങുന്നതായും ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്. ആർഎസ്‌എസ് ആപ്തവാക്യവും നാണയത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. മറുവശത്ത് ദേശീയ ചിഹ്നമുണ്ട്.
1963-ലെ റിപ്പബ്ലിക് ദിന പരേഡിൽ ആർഎസ്‌എസ് സ്വയംസേവകർ പങ്കെടുത്തതാണ് പ്രത്യേക തപാൽ സ്റ്റാമ്പിൽ ചിത്രീകരിച്ചിട്ടുള്ളത്.
