മല്ലപ്പള്ളി : പല കുരുന്നു ജീവനുകൾക്ക ആയുസ്സേകി വിട പറഞ്ഞു പോയ ആലിൻ മോളെ നെഞ്ചോടു ചേർത്ത് നാട് നൽകിയ യാത്രാമൊഴി കരളലലിയിയ്ക്കുന്നതായി. നാലുപേർക്കാണ് അവയവദാനത്തിലൂടെ ആലിൻ ഷെറിൻ എബ്രഹാം എന്ന കുഞ്ഞുമോളും അവളുടെ മാതാപിതാക്കളും പുതുജീവൻ നൽകിയത്. നെടുങ്ങാടപ്പള്ളി വാലുമണ്ണിൽ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകൾ, പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ മസ്തിഷ്‌കമരണത്തെത്തുടർന്നാണ് മാതാപിതാക്കൾ കുഞ്ഞിന്റെ അവയവദാനം നടത്തി മാതൃകയായത്.
നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ളവർ ആലിന് അന്ത്യാഞ്ജലി അർപ്പിയ്ക്കാനായി എത്തിയിരുന്നു. മന്ത്രി വി.എൻ.വാസവനും അന്ത്യാഞ്ജലി അർപ്പിച്ചു. മാതാപിതാക്കളുടെ നിലപാടിനെ മന്ത്രി വി.എൻ.വാസവൻ പ്രകീർത്തിച്ചു. സംസ്ഥാന സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പേരിൽ ജില്ലാ കളക്ടറുടെ ചുമതലയിൽ ആലിന്റെ മൃതദേഹത്തിൽ പുഷ്പചക്രം സമർപ്പിച്ചു.
ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്ക്കാരം. ‘ പത്തനംതിട്ട ജില്ലയിലെ നെടുങ്ങാടപ്പള്ളി സെയ്ന്റ് തോമസ് സി.എസ്.ഐ. പള്ളിയിൽ വൈകീട്ട് നാലുമണിയ്ക്കാണ് ചടങ്ങുകൾ നടക്കുക. ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ പ്രത്യേക പോലീസ്സേന ആദരവ് നൽകും. ബ്യൂഗിൾ സല്യൂട്ട് അടക്കമുള്ള പോലീസ് ബഹുമതികൾ ജില്ലാ പോലീസ് മേധാവിയുടെ സാന്നിദ്ധ്യത്തിൽ നൽകും.
