അഹമ്മദാബാദ് : ഗുജറാത്തിൽ മന്ത്രിസഭാ പുന:സംഘടനയ്ക്ക് മുന്നോടിയായി മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാരെല്ലാം രാജിവെച്ചു. എല്ലാ മന്ത്രിമാരുടേയും രാജി മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ സ്വീകരിച്ചതായാണ് വിവരം. ഉടൻ തന്നെ പുതിയ മന്ത്രിസഭ രൂപീകരിക്കുമെന്നും ഇതിന് മുന്നോടിയായി ഗവർണർ ആചാര്യ ദേവവ്രതുമായി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ കൂടിക്കാഴ്ച നടത്തും
മന്ത്രിസഭയിലെ പല അംഗങ്ങളെക്കുറിച്ചും കേന്ദ്ര നേതൃത്വത്തിനുണ്ടായ അതൃപ്തിയാണ് മന്ത്രിസഭാ പുന:സംഘടനയിലേക്ക് നയിച്ചതെന്നാണ് സൂചന. ഗുജറാത്ത് ബിജെപി പ്രസിഡന്റ് ജഗദീഷ് വിശ്വകർമ മന്ത്രിമാരോട് രാജിവെയ്ക്കാൻ നിർദ്ദേശം നൽകിയതായാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. ‘. ഭാവിയിലെ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ബിജെപിയുടെ വലിയ സംഘടനാ തന്ത്രത്തിന്റെ ഭാഗമായാണ് ഇത് കണക്കാക്കുന്നത്.
വെള്ളിയാഴ്ച രാവിലെ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് വിവരം. ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയാദ്ധ്യക്ഷൻ ജെ.പി. നഡ്ഡയും ചടങ്ങിൽ പങ്കെടുക്കും.
സ്ത്രീകൾക്ക് കൂടുതൽ പരിഗണന ലഭിക്കുന്ന തരത്തിലായിരിക്കും മന്ത്രിസഭാ പുന:സംഘടനയെന്നാണ് റിപ്പോർട്ട്.
പത്ത് പുതിയ മന്ത്രിമാർ പുന:സംഘടനയുടെ ഭാഗമായി മന്ത്രിസഭയിൽ എത്തുമെന്നാണറിയുന്നത്. 182 അംഗ ഗുജറാത്ത് നിയമസഭയിൽ വ്യവസ്ഥകൾ അനുസരിച്ച് 27 മന്ത്രിമാർ വരെ ആകാം. നിലവിൽ മുഖ്യമന്ത്രി അടക്കം 17 മന്ത്രിമാരാണ് മന്ത്രിസഭയിൽ ഉള്ളത്. എട്ടുപേർ ക്യാബിനറ്റ് പദവിയുള്ളവരും എട്ടുപേർ സഹമന്ത്രിമാരുമായിരുന്നു.