ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ അമേരിക്കൻ എയർലൈൻസ് വിമാനത്തിൻ്റെ ലാൻഡിംഗ് ഗിയറിന് തീപ്പിടിച്ചു. സമയോചിത ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്. AA3023 വിമാനത്തിലുണ്ടായിരുന്ന 173 യാത്രക്കാരെയും ആറ് ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു.
ഡെൻവറിൽ നിന്ന് മയാമിയിലേക്ക് പോകുന്ന റൺവേ 34L ൽ നിന്ന് ബോയിംഗ് 737 മാക്സ് വിമാനം പറന്നുയരുന്നതിനിടെയാണ് സംഭവം. തീ നിയന്ത്രണവിധേയമാക്കിയതായി ഡെൻവർ ഫയർ ഡിപ്പാർട്ട്‌മെന്റ് പിന്നീട് അറിയിച്ചു.
വിമാനത്തിന്റെ ടയറിലാണ് പ്രശ്‌നം ഉണ്ടായതെന്നും അതുകൊണ്ടാണ് വിമാനം റൺവേയിൽ നിർത്തേണ്ടി വന്നതെന്നും വിമാനത്താവള ഉദ്യോഗസ്ഥർ പറഞ്ഞു. എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ഡെൻവർ വിമാനത്താവളം സ്ഥിരീകരിച്ചു. ദേഹാസ്വാസ്ഥ്യം തോന്നിയ അഞ്ച് പേരെ സംഭവസ്ഥലത്ത് വെച്ച് തന്നെ പരിശോധനകൾക്ക് വിധേയമാക്കി. ഗേറ്റിലുണ്ടായിരുന്ന ഒരാളെ മാത്രം ചെറിയ പരിക്കുകൾ കാരണം വൈദ്യചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഉച്ചയ്ക്ക് 1:12 ന് ഗേറ്റ് C34 ൽ നിന്ന് പുറപ്പെടേണ്ട വിമാനം 2:45 ന് ആണ് ടേക്ക് ഓഫ് ചെയ്തത്. സംഭവത്തെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അന്വേഷണം ആരംഭിച്ചു. വിമാനത്തിന് ടയറുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണി പ്രശ്‌നമുണ്ടെന്ന് അമേരിക്കൻ എയർലൈൻസ് പിന്നീട് സ്ഥിരീകരിച്ചു. .