കീവ്: ഒരു ഭാഗത്ത് റഷ്യന്‍ ഡ്രോണുകളും മിസൈലുകളും യുക്രൈനില്‍ നാശം വിതച്ചുകൊണ്ടിരിക്കെ, മറുഭാഗത്ത് റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമം വിജയത്തിനടുത്തെത്തിയെന്നു വേണം കരുതാൻ. യുഎസ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയിലെ പരിഷ്‌ക്കരിച്ച നിര്‍ദ്ദേശങ്ങള്‍ സ്വീകാര്യമാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കിക്കഴിഞ്ഞു. ട്രംപിനാകട്ടെ, സമാധാനത്തിനുള്ള നൊബേൽ ശുപാർശയ്ക്കായി അവസാനിപ്പിക്കപ്പെട്ട യുദ്ധ പട്ടികയിലേയ്ക്ക് ഒരെണ്ണം കൂടി!
പരിഷ്‌ക്കരിച്ച യുഎസ് സമാധാന പദ്ധതിയിലെ നിര്‍ദ്ദേശങ്ങൾ ആഴത്തിലുള്ള കരാറുകളിലേക്ക് നയിച്ചേക്കാമെന്നും എന്നാല്‍ പലതും യുഎസിന്റെ നിലപാടിനെ ആശ്രയിച്ചിരിക്കുന്നുവെന്നും പറഞ്ഞ സെലന്‍സ്‌കി അമേരിക്കന്‍ പക്ഷത്തു നിന്നും പ്രസിഡന്റ് ട്രംപില്‍ നിന്നും കൂടുതല്‍ സജീവമായ സഹകരണം ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് സമാധാന പദ്ധതിയിലെ ആദ്യ നിർദ്ദേശങ്ങൾ റഷ്യയ്ക്ക് അനുകൂലമാണെന്ന് വിമര്‍ശിക്കപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും പരിഷ്‌ക്കരിക്കുകയായിരുന്നു. യു.എസ് – യുക്രൈന്‍ നേതാക്കള്‍ ജനീവയില്‍ വെച്ച് നടത്തിയ ചര്‍ച്ചയിലാണ് സമാധാന പദ്ധതി യുക്രൈനുകൂടി സ്വീകാര്യമാകുന്ന തരത്തിലേക്ക് മാറ്റിയത്. പുതിയ യുഎസ് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ യുക്രൈന്‍ തയ്യാറാണെന്ന് സെലെന്‍സ്‌കി ചൊവ്വാഴ്ച വ്യക്തമാക്കി. പ്രധാനപ്പെട്ട ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ട്രംപിനെ കാണാനുള്ള തയ്യാറെടുപ്പിലുമാണ് സെലെന്‍സ്‌കി.
ഒപ്പം, കരാര്‍ പ്രാബല്യത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് തന്റെ പ്രതിനിധിയായ സ്റ്റീവ് വിറ്റ്‌കോഫിനെ റഷ്യന്‍ നേതാവ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ മോസ്‌കോയിലേക്ക് അയക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അഭിപ്രായവ്യത്യാസമുള്ള കുറച്ച് കാര്യങ്ങള്‍ മാത്രമെ അവശേഷിക്കുന്നുള്ളൂ എന്നാണ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ ട്രംപ് പറയുന്നത്.
യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യു.എസിന്റെയും റഷ്യയുടെയും പ്രതിനിധികള്‍ അബുദാബിയില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. യുക്രൈയ്‌നെ പിന്തുണയ്ക്കുന്ന 30 രാജ്യങ്ങളുടെ കൂട്ടായ്മയിലെ നേതാക്കളും ചൊവ്വാഴ്ച വീഡിയോ വഴി യോഗം ചേർന്നിരുന്നു.
യുക്രൈന്‍ നാറ്റോയില്‍ ചേരുന്നത് വിലക്കുക, പുതിയ പ്രദേശങ്ങള്‍ റഷ്യക്ക് വിട്ടുകൊടുക്കാന്‍ രാജ്യത്തോട് ആവശ്യപ്പെടുക എന്നീ വിവാദ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതായിരുന്നു ട്രംപ് മുന്നോട്ടുവെച്ച ആദ്യത്തെ സമാധാന പദ്ധതി. ഇതിന് പകരം മുന്നോട്ടുവെച്ച പദ്ധതിയില്‍ യുക്രൈന് അനുകൂലമായ ചില നിര്‍ദ്ദേശങ്ങളുമുണ്ടെന്നാണ് വിവരം. സൈനികരുടെ എണ്ണം 600,000-ത്തില്‍ നിന്ന് 800,000 ആയി ഉയര്‍ത്താനുള്ള നിര്‍ദ്ദേശമാണ് ഇതില്‍ പ്രധാനം.
