ന്യൂഡൽഹി : സുപ്രിംകോടതി മുൻ ജഡ്ജി ബി സുദർശൻ റെഡ്ഡിയെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം. ഇന്ത്യാ മുന്നണി യോഗത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. 21ന് നോമിനേഷൻ സമർപ്പിക്കുമെന്ന് ഇന്ത്യാ സഖ്യം അറിയിച്ചു.
പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, വരാനിരിക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഒരു പ്രത്യയശാസ്ത്ര പോരാട്ടമാണെന്ന് പറഞ്ഞു. “എല്ലാ പ്രതിപക്ഷ പാർട്ടികളും ഒപ്പമുണ്ട്. ജനാധിപത്യ മൂല്യങ്ങൾ ആക്രമിക്കപ്പെടുകയാണ്.” ഖാർഗെ കൂട്ടിച്ചേർത്തു. “എല്ലാ ഇന്ത്യാ മുന്നണി പാർട്ടികളും ഒരു പൊതു സ്ഥാനാർത്ഥിയെ നിർത്താൻ തീരുമാനിച്ചു. തീരുമാനം ഏകകണ്ഠമായി എടുത്തതാണ്. എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരു പേര് അംഗീകരിച്ചതിൽ ഞാൻ സന്തോഷിക്കുന്നു. ഇത് ജനാധിപത്യത്തിന് ഒരു വലിയ നേട്ടമാണ്,” ഖാർഗെ വ്യക്തമാക്കി.
1946 ജൂലൈ 8 ന് ആന്ധ്രാപ്രദേശിലാണ് സുദർശൻ റെഡ്ഡിയുടെ ജനനം. 1971 ൽ ഹൈദരാബാദിലെ ആന്ധ്രാപ്രദേശ് ബാർ കൗൺസിലിൽ അഭിഭാഷകനായി ചേർന്നു. 1988 മുതൽ 1990 വരെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകനായും 1990 ൽ 6 മാസം കേന്ദ്ര സർക്കാരിന്റെ അധിക ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചു. 1995 മെയ് 2 ന് ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ സ്ഥിരം ജഡ്ജിയായി നിയമിതനായി. പിന്നീട്, 2005 ഡിസംബർ 5 ന് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായും 2007 മുതൽ 2011 ജൂലൈ 8 വരെ സുപ്രീം കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചു.
എൻഡിഎ ഉൾപ്പെടെ എല്ലാ പാർട്ടികളോടും തന്നെ പിന്തുണയ്ക്കാൻ അഭ്യർത്ഥിക്കുന്നുവെന്ന് സുദർശൻ റെഡ്ഡി പറഞ്ഞു. ആന്ധ്രാപ്രദേശിലെ എൻഡിഎ സഖ്യകക്ഷികളായ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി, പവൻ കല്യാണിന്റെ ജനസേന എന്നിവയിൽ സമ്മർദ്ദം ചെലുത്തുന്നതിനാണ് ഇന്ത്യാ മുന്നണി ജസ്റ്റിസ് റെഡ്ഡിയെ തിരഞ്ഞെടുത്തതെന്നാണ് സൂചന. തമിഴ്‌നാട്ടിൽ നിന്നുള്ള രാധാകൃഷ്ണനെ എൻഡിഎ തെരഞ്ഞെടുത്തതിനുള്ള തക്കമറുപടി.