(Photo Courtesy : X)
കഠ്മണ്ഡു : നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രിയായി കഠ്മണ്ഡു മേയറായ ബാലേന്ദ്ര ഷായെ ഉയർത്തിക്കാട്ടി ജെൻ സി പ്രക്ഷോഭകാരികൾ. രാജ്യത്ത് സൈനിക അട്ടിമറി ഉണ്ടാകാതിരിക്കാന്‍ ബാലേന്ദ്ര ഷായെ ഇടക്കാല സര്‍ക്കാരിന്റെ തലവനായി നിയമിക്കണമെന്ന ആവശ്യവുമായി സമൂഹമാധ്യമങ്ങളിൽ ശക്തമായ ക്യാംപയിനാണ് നടക്കുന്നത്. ശർമ ഒലി പ്രധാനമന്ത്രി പദം രാജിവെച്ചതിനു പിന്നാലെയാണ് ബാലേന്ദ്ര ഷാക്ക് വേണ്ടിയുള്ളമുറവിളി.
സിവില്‍ എൻജിനീയറും റാപ്പറുമായിരുന്ന ബാലേന്ദ്ര ഷാ സ്വതന്ത്രനായാണ് രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വെച്ചത്. യുവാക്കൾക്കിടയിൽ വലിയ സ്വാധീനമുള്ള ഇദ്ദേഹം ‘ബലെൻ’ എന്ന പേരിലാണ് ഇവർക്കിടയിലും സമൂഹമാധ്യമങ്ങളിലും അറിയപ്പെടുന്നത്. 1990 ൽ കാഠ്മണ്ഡുവിലാണ് ജനനം. ഇന്ത്യയിലെ വിശ്വേശ്വരയ്യ ടെക്നോളജിക്കൽ സർവ്വകലാശാലയിൽ നിന്ന് സ്ട്രക്ചറൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടി.
ഗായകനും ഗാനരചയിതാവുമായ ബാലേന്ദ്ര ഷാ ഹിപ്ഹോപ് സംഗീത ശാഖയിലൂടെ അഴിമതിക്കും അസമത്വത്തിനുമെതിരെ പാട്ടുകൾ എഴുതിയും ആലപിച്ചും പ്രതിഷേധമറിയിച്ചു. പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തി 61,000 ൽ അധികം വോട്ടുകൾക്കാണ് മേയർ സ്ഥാനത്തേക്ക് ബാലേന്ദ്ര ഷാ തെരഞ്ഞെടുക്കപ്പെട്ടത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ബാലേന്ദ്ര ഷാ രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് സ്ഥിരമായി പൊതുജനങ്ങളുമായി ആശയവിനിമയം നടത്തുന്നയാളുമാണ്.