തിരുവനന്തപുരം : ഉടമസ്ഥതാ രേഖ ഇല്ലാതെ ദീര്‍ഘകാലമായി പ്രമാണപ്രകാരം ഉള്ള ഭൂമിയോടൊപ്പം ചേര്‍ന്ന് കൈവശക്കാരൻ അനുഭവിച്ചു വരുന്ന ഭൂമി കൂടി ക്രമീകരിച്ചു നല്‍കുന്നതിനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ഐക്യകേരളത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു സെൻ്റിൽമെൻ്റ് നിയമം വരുന്നത്. ഡിജിറ്റൽ സര്‍വ്വെ രേഖകള്‍ ജനങ്ങള്‍ക്കും സംസ്ഥാനത്തിനും പ്രയോജനകരമായ രീതിയില്‍ വിനിയോഗിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്ന ഭാഗമായാണ് സെറ്റില്‍മെന്റ് ആക്ട് അവതരിപ്പിക്കുന്നതെന്നു റവന്യൂമന്ത്രി കെ.രാജന്‍ അറിയിച്ചു.
ഇതുവരെ സർവ്വെ നടത്തിയ 60 ലക്ഷം ലാന്‍ഡ് പാര്‍സലുകളില്‍ 50 ശതമാനത്തിലധികം ഭൂമിയില്‍ അധിക ഭൂമി കണ്ടെത്തിയിട്ടുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ ഭൂമി ദീര്‍ഘകാലമായി പ്രമാണപ്രകാരം ഉള്ള ഭൂമിയോടൊപ്പം ചേര്‍ന്ന് കൈവശക്കാരന്‍ അനുഭവിച്ചു വരുന്ന ഭൂമിയാണ്. ഡിജിറ്റല്‍ സര്‍വ്വെയുടെ കൃത്യത മൂലമാണ് വ്യക്തമായ അതിരിനുളളില്‍ കൂടുതല്‍ വിസ്തീർണം ഉണ്ടെന്ന് ഇപ്പോള്‍ കണ്ടെത്താന്‍ കഴിഞ്ഞത്. ഇത്തരത്തില്‍ കണ്ടെത്തിയ അധിക വിസ്തീര്‍ണത്തിന് ഉടമസ്ഥതയുള്ള ഭൂമിയോടൊപ്പം ചേര്‍ത്ത് കരം ഒടുക്കുവാന്‍ അനുവാദം നല്‍കി കൊണ്ട് ഇതിനകം സര്‍ക്കാര്‍ ഉത്തരവ് നല്‍കി കഴിഞ്ഞു. എന്നാല്‍ പ്രധാന പ്രശ്നംഇത്തരം അധിക വിസ്തീർണത്തിന് ഉടമസ്ഥത രേഖ അഥവാ ടൈറ്റില്‍ ഇല്ല എന്നുള്ളതാണ്.
റവന്യൂ രേഖകളും സർവ്വെ രേഖകളും ഉടമസ്ഥതക്കുള്ള രേഖ അല്ലെന്നും അത് കൈവശത്തിനുള്ള തെളിവു മാത്രമാണ് എന്നുമാണ് നിയമം. ടൈറ്റിലും കൈവശവും കൂടിച്ചേരുമ്പോഴാണ് ഉടമസ്ഥത ഉണ്ടാകുന്നത്. ഇപ്പോള്‍ അവതരിപ്പിക്കുന്ന ബില്‍ ഇതിനു പരിഹാരമാണ്. ഇവിടെ വ്യക്തമായ അതിര്‍ത്തികള്‍ ഉള്ള ഭൂമിയ്ക്കാണ് ഉടമസ്ഥത നല്‍കുന്നത്. പ്രമാണപ്രകാരമുള്ള വ്യക്തമായ അതിർത്തിക്കുള്ളില്‍ അധികഭൂമി കാണുന്ന പക്ഷമാണ് ഉടമസ്ഥത രേഖ നല്‍കുന്നത്. 1961 സർവ്വെ ആന്‍ഡ് ബൗണ്ടറീസ് ആക്ട് പ്രകാരമാണ് സർവ്വെ നടത്തി രേഖകള്‍ തയ്യാറാക്കി കൈമാറുന്നത്. എങ്കിലും ഭൂമിയ്ക്ക് ഉടമസ്ഥത നല്‍കാന്‍ പ്രസ്തുത നിയമത്തിൽ വ്യവസ്ഥകൾ ഇല്ല.
സർവ്വെ ആന്‍ഡ് ബൗണ്ടറി ആക്ടില്‍ ഉദ്ദേശകാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യത്തില്‍ ഭേദഗതി ആ നിയമത്തിൽ കൊണ്ടുവരാനും കഴിയില്ല. ഈ സാഹചര്യത്തിന് റവന്യൂ നിയമങ്ങളില്‍ ഉള്ള വിടവ് നികത്തുന്നതിനു വേണ്ടിയാണ് നിയമനിർമാണം നടത്തുന്നത്. സര്‍ക്കാര്‍ ഭൂമി സംരക്ഷിച്ചുകൊണ്ട് മാത്രമെ അധിക ഭൂമി ക്രമീകരിച്ച് നല്‍കുകയുള്ളൂ എന്ന മുന്‍കരുതല്‍ കൂടി ഈ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റൊരു ഭൂഉടമയുടെയും ഭൂമി നഷ്ടപ്പെടില്ല എന്നും ഉറപ്പുവരുത്തി കൊണ്ടായിരിക്കും ക്രമവത്ക്കരണം എന്നും മന്ത്രി വ്യക്തമാക്കി.