തിരുവനന്തപുരം : ബിജെപി ആസൂത്രിതമായി തൊഴിലുറപ്പ് പദ്ധതിയെ തുരങ്കം വെച്ചുകൊണ്ടിരിക്കുകയാണെന്ന് ഡോ ടി എം തോമസ് ഐസക്ക്. തൊഴിലുറപ്പിനെ ദുർബ്ബലപ്പെടുത്തി തൊഴിലാളികളെയും തൊഴിൽ ദിനങ്ങളും കുറച്ചശേഷം ബിജെപി ആഘോഷിക്കുകയാണെന്നും തൊഴിലുറപ്പ് തന്നെ അനാവശ്യമാണ് എന്നവർ വാദിക്കുന്ന ദിനം വിദൂരമല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
2014, 2019, 2024 വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ പ്രകടനപത്രികകളിലും തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച് ഒരു പരാമർശം പോലും ഇല്ലെന്നും ഐസക്ക് കൂട്ടിച്ചേർത്തു. ‘തൊഴിലുറപ്പ് പദ്ധതി കോൺഗ്രസിന്റെ അധികാരത്തിലുണ്ടായിരുന്ന 60 വർഷത്തിന്റെ പരാജയത്തിന്റെ ജീവിക്കുന്ന സ്മാരകമാണ്. ഒരു മാസത്തിൽ ഏതാനും ദിവസങ്ങൾ കുഴികുത്തുന്ന പരിപാടി’ എന്നാണ് 2015 ബഡ്ജറ്റ് സമ്മേളനത്തിൽ പ്രധാനമന്ത്രി മോദി പ്രസംഗിച്ചതെന്നും ഐസക്ക് വിമർശിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് തോമസ് ഐസക്ക് യാഥാർത്ഥ്യം വ്യക്തമാക്കി വിമർശനങ്ങൾ ഉന്നയിയ്ക്കുന്നത്.
ഡോ ടി എം തോമസ് ഐസക്കിൻ്റെ ഫെയ്സ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം –
ബിജെപി എങ്ങിനെയാണ് ആസൂത്രിതമായി തൊഴിലുറപ്പ് പദ്ധതിയെ തുരങ്കം വെച്ചുകൊണ്ടിരിക്കുന്നത്? 2014, 2019, 2024 എന്നീ മൂന്ന് തിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ പ്രകടനപത്രികകളിലും തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച് ഒരു പരാമർശം പോലും ഇല്ല. 2015 ബഡ്ജറ്റ് സമ്മേളനത്തിൽ മോഡി പ്രസംഗിച്ചത് “തൊഴിലുറപ്പ് പദ്ധതി കോൺഗ്രസിന്റെ അധികാരത്തിലുണ്ടായിരുന്ന 60 വർഷത്തിന്റെ പരാജയത്തിന്റെ ജീവിക്കുന്ന സ്മാരകമാണ്…… ഒരു മാസത്തിൽ ഏതാനും ദിവസങ്ങൾ കുഴികുത്തുന്ന പരിപാടി”. എന്നാൽ രാഷ്ട്രീയമായി പദ്ധതി നിർത്തലാക്കുവാൻ കഴിയാത്ത അവസ്ഥയായിരുന്നു. കോവിഡ് വന്നതോടെ പദ്ധതി വിപുലപ്പെടുത്താനും നിർബന്ധിതനായി.
നമ്മൾ ഉത്തരം തേടേണ്ട അടിസ്ഥാന ചോദ്യം ഇതാണ്: തൊഴിൽ ദിനങ്ങൾ കുറഞ്ഞത് ഡിമാൻഡ് കുറഞ്ഞതുകൊണ്ടാണോ? അതോ സപ്ലൈ കുറഞ്ഞതുകൊണ്ടോ? ഡിമാന്റ് കുറഞ്ഞതാണോ? അതോ അടിച്ചുതാഴ്ത്തിയതാണോ?
2013 – 14 ൽ 40,000 കോടി രൂപയായിരുന്നു അടങ്കൽ. അന്നത്തെ വിലനിലവാരവും മിനിമം കൂലിയും പ്രകാരം 300 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ട്ടിക്കാൻ ഇത് പര്യാപ്തമായിരുന്നു. 2023 – 24 മുതൽ 86,000 കോടിരൂപയാണ് അടങ്കൽ. 2025 – 26 ൽ ഈ തുകകൊണ്ട് വിലക്കയറ്റവും കൂലിവർധനവും കൂടി കണക്കിലെടുക്കുമ്പോൾ 210 കോടി തൊഴിൽ ദിനങ്ങളെ സൃഷ്ടിക്കാനാവു.
ഈ ഒരു സാഹചര്യത്തിൽ തൊഴിൽതേടി വരുന്നവരെ തൊടുന്യായങ്ങൾ പറഞ്ഞ് ഒഴിവാക്കുകയോ, നടപടി ക്രമങ്ങൾ സങ്കീർണമാക്കി അവരെ ഒഴിവാക്കുകയോ ആണ് പരിഹാരമായി ബിജെപി കണ്ടത്.
ഇതോടൊപ്പം കേന്ദ്ര സർക്കാർ MGNREGA അനാകർഷകമാക്കാൻ ചിലനടപടികൾ സ്വീകരിച്ചു. തൊഴിലുറപ്പ് പ്രവർത്തികൾ ജിയോ ടാഗ് ചെയ്ത ഫോട്ടോയെടുത്ത് അപ്‌ലോഡ് ചെയ്യണം. ഇത് മേറ്റിന്റെ ജോലി വർധിപ്പിക്കും എന്നല്ലാതെ തൊഴിലാളികളെ ബാധിക്കുന്നില്ല.
എന്നാൽ തൊഴിലാളികൾക്ക് ജിയോ ഫെൻസിങ് ഏർപ്പെടുത്തി. കാലത്തും ഉച്ചയ്ക്കും ജിയോടാഗ് കേന്ദ്രത്തിൻറെ 10 മീറ്റർ ചുറ്റളവിൽ വന്ന നിന്ന് ഫോട്ടോയെടുത്ത് ഓരോ തൊഴിലാളിയും അപ്‌ലോഡ് ചെയ്യണം. ഇതിനായി തൊഴിലാളികൾ അധികസമയം കണ്ടെത്തേണ്ടിവരും.
തൊഴിലാളികളുടെ ആധാർ ലിങ്ക് നിർബന്ധമാക്കി. ഓരോ തൊഴിലാളിയുടെയും അക്കൗണ്ടിലേക്ക് മാത്രമേ പണം നൽകു. അതിന് E-KYC നിർബന്ധം. ഇതിനെല്ലാമായി NMMS എന്ന ഒരു ആപ്ലിക്കേഷനും രൂപം നൽകി. ഏറ്റവും താഴെത്തട്ടിലുള്ള പരമദരിദ്രരെ സംബന്ധിച്ചിടത്തോളം ഈ നിബന്ധനകൾ പാലിക്കുന്നതിന് നന്നേ പ്രയാസമാണ്. ഇത് വലിയ രീതിയിലുള്ള കൊഴിഞ്ഞു പോക്കലിന് ഇടയാക്കി.
ഇതൊക്കെമൂലം. 2019 – 20 നു ശേഷം 10.43 കോടി കുടുംബങ്ങളാണ് സ്‌കീമിൽ നിന്ന് നീക്കം ചെയ്യപ്പെട്ടത്. പ്രതിക്ഷേധത്തെ തുടർന്ന് 2024 – 25 ൽ 1.31 കോടി കുടുംബങ്ങളെ ലിസ്റ്റിൽ പുനരധിവസിപ്പിച്ചു.
നിയമപ്രകാരം ഡിമാൻഡിനനുസരിച്ച് തൊഴിൽ അവസരങ്ങൾ നൽകാൻ സർക്കാർ ബാധ്യസ്ഥരാണ്. തൊഴിലുറപ്പ് പദ്ധതിയെ ഡിമാൻഡ് ഡ്രിവൺ സ്‌കീം എന്നാണ് വിശേഷിപ്പിക്കാറ്. പക്ഷെ ഇപ്പോൾ കാര്യങ്ങൾ നേരെ മറിച്ചാണ്. ഡിമാൻഡ് അനുസരിച്ചല്ല ലേബർ ബഡ്‌ജറ്റ് പഞ്ചായത്തുകളിൽ തയ്യാറാക്കുന്നത്. മറിച്ച് അവർക്ക് നൽകുന്ന അടങ്കൽ വിഹിതത്തിനനുസരിച്ചാണ. താഴത്തുനിന്ന് തയ്യാറാക്കുന്ന ലേബർ ബഡ്‌ജറ്റ് ജില്ലാതലത്തിലും, സംസ്ഥനതലത്തിലും ഏകോപിപ്പിച്ചു കേന്ദ്രത്തിനു സമർപ്പിക്കുന്നു. സംസ്ഥാനത്തിന് അനുവദിച്ച അടങ്കലിനേക്കാൾ കൂടുതലാണെങ്കിൽ സംസ്ഥാനം വെട്ടിക്കുറയ്ക്കാൻ ബാധ്യസ്ഥരാണ്. ചുരുക്കത്തിൽ MGNREGA ഡിമാൻഡ് അനുസരിച്ചല്ല ബഡ്ജറ്റ് അടങ്കൽ അനുസരിച്ചാണ് തൊഴിൽ ലഭ്യമാവുന്നത്.
എത്ര ഡിമാൻഡ് ഉണ്ടെങ്കിലും അംഗീകൃത ലേബർ ബഡ്ജറ്റിനെക്കാൾ കൂടുതൽ തൊഴിൽ നൽകാൻ കഴിയില്ല. തൊഴിൽ ചെയ്യുന്ന വേളയിൽ ഫോട്ടോകൾ ജിയോ ടാഗ് ചെയ്ത് അപ്‌ലോഡ് ചെയ്യണമല്ലോ? അലോക്കേഷൻ കഴിഞ്ഞാൽ സൈറ്റ് തുറന്നു കിട്ടുകയില്ല. ഡിമാൻഡ് അനുസരിച്ചു തൊഴിൽ നൽകാൻ കഴിയില്ല എന്ന് ചുരുക്കം. മാത്രമല്ല അടങ്കലിന്റെ 60% ത്തിൽ കൂടുതൽ ആദ്യ പകുതിയിൽ ചെലവഴിക്കാൻ പാടില്ല എന്നും പുതിയൊരു നിബന്ധനയുണ്ട്.
ഇതിന്റെ ഫലമായിട്ടാണ്. ശരാശരി തൊഴിൽ ദിനങ്ങൾ 2022 – 23 ൽ 52 ആയിരുന്നത് 2024 – 25 ൽ 45 ആയി കുറഞ്ഞതും. 2025 – 26 ൽ 38 – 40 ദിവസത്തെ തൊഴിൽദിനങ്ങളെ ശരാശരി ലഭിക്കുകയുള്ളു എന്ന സ്ഥിതിയിൽ എത്തിയതും.
അങ്ങിനെ തൊഴിലുറപ്പിനെ ദുർബലപ്പെടുത്തി തൊഴിലാളികളെയും, തൊഴിൽ ദിനങ്ങളെയും കുറച്ചശേഷം ബിജെപി ആഘോഷിക്കുകയാണ്. ഗ്രാമീണ അഭിവൃത്തികളുടെ ലക്ഷണമാണത്രെ തൊഴിലുറപ്പ് ദിനങ്ങൾ കുറഞ്ഞത്. തൊഴിലുറപ്പ് തന്നെ അനാവശ്യമാണ് എന്നവർ വാദിക്കുന്ന ദിനം വിദൂരമല്ല.
