തിരുവനന്തപുരം: മുസ്ലിം സമുദായത്തോട് കൂടെ നിർത്താനുള്ള നീക്കവുമായി ബിജെപി സംസ്ഥാന ഘടകം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ മുസ്ലിം വീടുകളും സന്ദർശനം നടത്താനൊരുക്കത്തിലാണ് പാർട്ടി. തദ്ദേശ തെരഞ്ഞെടുപ്പ് മുൻ നിർത്തിയാണ് പുതിയ നീക്കം. പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ ഒരു മുസ്ലീം ഔട്ട് റീച്ച് ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ന്യൂനപക്ഷങ്ങളെ ചേർത്തുനിര്‍ത്തുകയാണ് ലക്ഷ്യമെന്നും വോട്ടുപിടിക്കാൻ വേണ്ടിയല്ല ഇതെന്നും രാജീവ് ചന്ദ്രശേഖർ പറയുന്നു. എല്ലാ മുസ്ലിം വീടുകളിലും സന്ദർശനം നടത്തും. ബിജെപി സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന വികസിത കേരള സന്ദേശം എല്ലായിടത്തും നൽകും. സിപിഎമ്മും കോൺഗ്രസും ന്യൂനപക്ഷങ്ങളിൽ വിഷം കുത്തിവെയ്ക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
നേരത്തെ ക്രൈസ്തവ ഭവനങ്ങൾ സന്ദർശിക്കുന്ന പരിപാടി നടത്തിയതിന് ശേഷം ആ സമുദായവുമായുള്ള ബന്ധം മെച്ചപ്പെട്ടുവെന്ന വിശ്വാസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മുസ്ലിം ഭവനങ്ങളും സന്ദർശിക്കാനൊരുങ്ങുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും വോട്ടുനില ഉയർത്താൻ ബിജെപിയെ ക്രൈസ്തവ ബന്ധം സഹായിച്ചിട്ടുണ്ടെന്നും പാർട്ടി കേന്ദ്രങ്ങൾ വെളിപ്പെടുത്തുന്നു. തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നിലും ക്രൈസ്തവർ നൽകിയ സഹായമാണെന്ന് പാർട്ടി പറയുന്നു.
