ബോളിവുഡ് ഇതിഹാസ താരം ധര്‍മേന്ദ്ര അന്തരിച്ചു

Date:

മുംബൈ : ബോളിവുഡ് ഇതിഹാസ താരം ധര്‍മ്മേന്ദ്ര (89) അന്തരിച്ചു. വാർത്താ ഏജൻസിയായ എഎൻഐ സംവിധായകനും നിർമ്മാതാവുമായ കർൺ ജോഹറിൻ്റെ എക്സ് പോസ്റ്റ് പങ്കുവെച്ച് ധർമേന്ദ്രയുടെ മരണവാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. അമിതാഭ് ബച്ചൻ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ധര്‍മ്മേന്ദ്രയുടെ വസതിയിലെത്തി.

ശ്വാസതടസ്സത്തെത്തുടർന്ന് ഒക്ടോബർ അവസാനം മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട താരം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി വന്നിട്ട് 12 ദിവസമെ ആയിരുന്നുള്ളൂ.
ഈ വരുന്ന ഡിസംബർ എട്ടിന് തൊണ്ണൂറാം പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് അന്ത്യം.

പഞ്ചാബിലെ ലുധിയാന ജില്ലയിലെ നസ്രാലി എന്ന ഗ്രാമത്തിൽ 1935 ഡിസംബർ 8നാണ് ധർമേന്ദ്രയുടെ ജനനം. ലുധിയാനയിലെ ഗവൺമെൻ്റ് സീനിയർ സെക്കണ്ടറി സ്കൂളിൽ ആയിരുന്നു വിദ്യാഭ്യാസം. 1952ൽ ഫഗ്വാരയിൽ നിന്നും ബിരുദം പൂർത്തിയാക്കി. 1960-ൽ പുറത്തിറങ്ങിയ ‘ദിൽ ഭി തേരാ ഹം ഭി തേരേ’ എന്ന ചിത്രത്തിലൂടെയാണ് ധർമേന്ദ്ര തൻ്റെ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് പതിറ്റാണ്ടുകൾ ബോളിവുഡിന്റെ തലപ്പത്ത് ധർമേന്ദ്ര നിലയുറപ്പിച്ചു.

60കളിലും 70കളിലും 80കളിലും ഹിന്ദി സിനിമകളിലെ നിറസാന്നിദ്ധ്യമായിരുന്നു ധർമേന്ദ്ര. ഹഖീഖത്ത്, ഫൂൽ ഔർ പത്തർ, മേരാ ഗാവ് മേരാ ദേശ്, സീത ഔർ ഗീത, ചുപ്‌കെ ചുപ്‌കെ, ഷോലെ തുടങ്ങിയ സിനിമകളിലെ തൻ്റെ വിസ്മയകരമായ പ്രകടനത്തിലൂടെ ധർമേന്ദ്ര ബിഗ് സ്‌ക്രീനുകൾ ഭരിച്ചു. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും സുന്ദരനും വാണിജ്യപരമായി വിജയവും സ്വന്തമാക്കിയ ചലച്ചിത്ര താരങ്ങളിൽ ഒരാളായി ധർമ്മേന്ദ്ര മാറി.

ബോളിവുഡിന്റെ ‘ഹീ-മാൻ’ എന്നായിരുന്നു ധർമ്മേന്ദ്രയ്ക്ക് നൽകിയിരുന്ന വിശേഷണം. ആറ് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ അദ്ദേഹം 300ലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഹിന്ദി സിനിമയിൽ ഏറ്റവും കൂടുതൽ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചതിൻ്റെ റെക്കോർഡും ധർമ്മേന്ദ്രയുടെ പേരിലാണ്. 1973ൽ അദ്ദേഹം എട്ട് ഹിറ്റുകളും 1987ൽ തുടർച്ചയായി ഏഴ് ഹിറ്റുകളും ഒമ്പത് വിജയ ചിത്രങ്ങളും നൽകി. ഇത് ഹിന്ദി സിനിമാ ചരിത്രത്തിൽ എക്കാലത്തേയും റെക്കോർഡാണ്.

അൻഖേൻ, ശിക്കാർ, ആയാ സാവൻ ഝൂം കെ, ജീവൻ മൃത്യു, മേരാ ഗാവ് മേരാ ദേശ്, സീതാ ഔർ ഗീത, രാജാ ജാനി, ജുഗ്നു, യാദോൻ കി ബാരാത്, ദോസ്ത്, ഛാസ്, പ്രതിഗ്ഗ്, ഗുലാമി, ഹുകുമത്, ആഗ് ഹി ആഗ്, എലാൻ-ഇ-ജംഗ്, തഹൽക്ക, അൻപദ്, ബന്ദിനി, ഹഖീഖത്ത്, അനുപമ, മംമ്ത, മജ്‌ലി ദീദി, സത്യകം, നയാ സമന, സമാധി, ദോ ദിശയെൻ, ഹത്യാർ തുടങ്ങിയവ അദ്ദേഹത്തിന്‍റെ ഏറെ ശ്രദ്ധേയമായ സിനിമകളാണ്. 1990-കളുടെ അവസാനം മുതൽ, വിജയകരവും പ്രശംസനീയവുമായ നിരവധി ക്യാരക്ടർ റോളുകളിൽ ധർമേന്ദ്ര എത്തി. 1997ൽ ബോളിവുഡിന് നൽകിയ സംഭാവനകൾക്ക് ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡും അദ്ദേഹത്തെ തേടി എത്തിയിരുന്നു.

2012ൽ, ഇന്ത്യയിലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. മുന്‍ എംപി കൂടിയാണ് ധര്‍മേന്ദ്ര. 1954ൽ ആയിരുന്നു ആദ്യ ഭാര്യയായ പ്രകാശ് കൗറുമായുള്ള വിവാഹം. പിന്നീട് നടി ഹേമമാലിനിയെ വിവാഹം കഴിച്ചു. സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ എന്നിവരാണ് മക്കള്‍. അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദ പ്രധാന വേഷത്തിൽ എത്തുന്ന ഇക്കിസയിലാണ് ധർമേന്ദ്ര ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആന്തൂരിൽ രണ്ട് വാർഡുകളിൽ UDF പത്രികകൾ തള്ളി, ഒരാൾ പിൻവലിച്ചു ; കണ്ണൂരിൽ 14 ഇടത്ത് LDF ജയം ഉറപ്പിച്ചു

കണ്ണൂർ : ആന്തൂർ നഗരസഭയിൽ മൂന്നിടത്ത് കൂടി എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ...

മുലപ്പാലിൽ യുറേനിയം! ; നവജാത ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് സാദ്ധ്യത – പഠനം

ന്യൂഡൽഹി : മുലയൂട്ടുന്ന അമ്മമാരുടെ മുലപ്പാലിലെ സാമ്പിളുകളിൽ വളരെ ഉയർന്ന അളവിൽ യുറേനിയം കണ്ടെത്തിയതായി...

സംഗീത പരിപാടിയിലെ തിക്കിലും തിരക്കിലും നിരവധി പേർ കുഴഞ്ഞുവീണു ; 10 പേർ പരിക്കേറ്റ് ആശുപത്രിയിൽ

കാസർഗോഡ് : ഗായകൻ ഹനാൻഷായുടെ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട്...

സുര്യകാന്ത് പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; ഇന്ന് സ്ഥാനമേൽക്കും

ന്യൂഡൽഹി : ഇന്ത്യയുടെ 53 -ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ്...