ഇറാനെതിരായ സമീപകാല സൈനിക ആക്രമണങ്ങളെ അപലപിച്ചും അമേരിക്കയുടെ ഏകപക്ഷീയമായ താരിഫ് വർദ്ധനവിനെ വിമർശിച്ചും സംയുക്ത പ്രസ്താവന പുറത്തിറക്കി ബ്രിക്സ് രാജ്യങ്ങൾ. ഭീകരവാദം, ആഗോള വ്യാപാരം, സ്ഥാപന പരിഷ്കാരങ്ങൾ എന്നിവയുൾപ്പെടെ നിരവധി ആഗോള വിഷയങ്ങളിൽ തങ്ങളുടെ കൂട്ടായ നിലപാട് വിശദീകരിക്കുന്ന “റിയോ ഡി ജനീറോ പ്രഖ്യാപനം” ഗ്രൂപ്പ് പുറത്തിറക്കി.
ഈജിപ്ത്, എത്യോപ്യ, ഇറാൻ, യുഎഇ, ഇന്തോനേഷ്യ തുടങ്ങിയ പുതുതായി ചേർന്ന അംഗങ്ങൾ ഉൾപ്പെടെ 11 രാജ്യങ്ങൾ ഉൾപ്പെടുന്ന ബ്രിക്സ് ബ്ലോക്കിന്റെ നേതാക്കൾ യുഎസ് തീരുവകളെ വിവേചനരഹിതമായ താരിഫ് വർദ്ധനവ് എന്നാണ് വിശേഷിപ്പിച്ചത്. അത്തരം നടപടികൾ ആഗോള വ്യാപാര, സാമ്പത്തിക സഹകരണത്തെ അസ്ഥിരപ്പെടുത്തുമെന്ന് മുന്നറിയിപ്പും നൽകി. ലോക വ്യാപാര സംഘടനയുടെ (WTO) മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കി.
സൈനിക സംഘർഷങ്ങൾക്കെതിരെ ഉറച്ച നിലപാട് സ്വീകരിച്ചുകൊണ്ട്, ജൂൺ 13 മുതൽ ഇറാനിൽ നടന്ന ആക്രമണങ്ങളെയും ബ്രിക്സ് അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്നും അവർ ചൂണ്ടിക്കാണിച്ചു. “ജൂൺ 13 മുതൽ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനെതിരെ നടന്ന സൈനിക ആക്രമണങ്ങളെ ഞങ്ങൾ അപലപിക്കുന്നു. ഇത് അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും ലംഘനമാണ്,” പ്രഖ്യാപനം പറഞ്ഞു.
അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) പൂർണ്ണ സംരക്ഷണത്തിൽ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും സമാധാനപരമായ ആണവ സൗകര്യങ്ങൾക്കും നേരെയുള്ള മന:പൂർവ്വമായ ആക്രമണങ്ങളിൽ ഗുരുതരമായ ആശങ്കയും ബ്രിക്സിൽ ഉയർന്നു.
ഭീകരതയോടുള്ള ഒരു വിട്ടുവീഴ്ചയില്ലാത്ത നയമാണ് പ്രഖ്യാപനം ഊന്നിപ്പറഞ്ഞത്. ഏപ്രിൽ 22 ന് ജമ്മു കശ്മീരിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ ഗ്രൂപ്പ് ശക്തമായി അപലപിച്ചു . “2025 ഏപ്രിൽ 22 ന് ജമ്മു കശ്മീരിൽ 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭീകരാക്രമണത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. അതിർത്തി കടന്നുള്ള തീവ്രവാദികളുടെ നീക്കം, തീവ്രവാദ ധനസഹായം, സുരക്ഷിത താവളങ്ങൾ എന്നിവയുൾപ്പെടെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു,” നേതാക്കൾ പറഞ്ഞു.
അന്താരാഷ്ട്ര ഭീകരതയെക്കുറിച്ചുള്ള ദീർഘകാലമായി നിലനിൽക്കുന്ന സമഗ്ര കൺവെൻഷൻ അംഗീകരിക്കണമെന്ന് ആഹ്വാനം ചെയ്ത പ്രഖ്യാപനം, എല്ലാ ഭീകരപ്രവർത്തനങ്ങളെയും “കുറ്റകരവും ന്യായീകരിക്കാനാവാത്തതുമായി” വിലയിരുത്തി. അവയുടെ ഉദ്ദേശ്യം പരിഗണിക്കാതെ തന്നെ.
നിയമവിരുദ്ധമായ സാമ്പത്തിക ഒഴുക്ക്, കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം, തീവ്രവാദ പ്രവർത്തനങ്ങൾക്കായി പുതിയ സാങ്കേതികവിദ്യകളുടെയും ക്രിപ്‌റ്റോകറൻസികളുടെയും ഉപയോഗം എന്നിവയിലും നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു
