ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തിൽ രാജ്യത്തെ അഭിനന്ദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍. 2028 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയാകുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയുടെ വികസനമുന്നേറ്റത്തില്‍ പങ്കാളിയാകാന്‍ യുകെ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഹിന്ദിയിലുള്ള അഭിവാദ്യത്തോടെയായിരുന്നു സ്റ്റാര്‍മറുടെ പ്രസംഗം. “നമസ്‌ക്കാര്‍ ദോസ്‌തോം, 2028 ഓടെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി തീരാനുള്ള ലക്ഷ്യത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃപാടവത്തെയും അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. 2047 ഓടെ ഇന്ത്യയെ സമ്പൂര്‍ണ വികസിത രാഷ്ട്രമായി മാറ്റുന്നതിനുള്ള പ്രധാനമന്ത്രി മോദിയുടെ വികസിത ഭാരതം എന്ന ദീര്‍ഘവീക്ഷണത്തെയും അഭിനന്ദിക്കുന്നു. ഇവിടെ ഞാന്‍ കാണാനിടയായ എല്ലാ സംഗതികളും വികസിതരാഷ്ട്രമെന്ന ലക്ഷ്യത്തിലേക്കുള്ള കൃത്യമായ പാതയിലാണ് ഇന്ത്യ എന്നതിന്റെ തെളിവുകളാണ്. ആ യാത്രയില്‍ നിങ്ങളുടെ പങ്കാളിയാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.” സ്റ്റാര്‍മര്‍ പറഞ്ഞു.
ബുധനാഴ്ചയാണ് സ്റ്റാര്‍മര്‍ പ്രഥമ ഇന്ത്യാസന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തിയത്. ഇന്ത്യ-പസഫിക്, പശ്ചിമേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ നിർണ്ണായക പ്രാദേശികവിഷയങ്ങള്‍ ഉള്‍പ്പെടെയുള്ളവ സ്റ്റാര്‍മറുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗജന്യ വ്യാപാര കരാര്‍ സാദ്ധ്യമായതിന് പിന്നാലെയുള്ള സ്റ്റാര്‍മറിന്റെ സന്ദര്‍ശനം ഇന്ത്യ-യുകെ ബന്ധത്തില്‍ പുതിയ ഉണര്‍വ് പ്രതിഫലിക്കുന്നുവെന്നും മോദി പറഞ്ഞു.
ഒന്‍പത് യുകെ സര്‍വ്വകലാശാലകള്‍ ഇന്ത്യയില്‍ കാമ്പസുകള്‍ ആരംഭിക്കുമെന്നും പ്രധാനമന്ത്രി മോദി അറിയിച്ചു. ഉഭയകക്ഷി വിദ്യാഭ്യാസ സഹകരണത്തില്‍ നിര്‍ണായക സംഭവമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തന്റെ ഇന്ത്യാസന്ദര്‍ശനം ഉഭയകക്ഷി വ്യാപാരകരാറിനെ ഊട്ടിയുറപ്പിക്കാനുള്ളതാണെന്ന് സ്റ്റാര്‍മര്‍ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ നിര്‍ണ്ണായക ഘടകമാണ് ആ കരാറെന്നും അദ്ദേഹം വിശേഷിപ്പിച്ചു