Friday, February 27, 2026

രാജ്യസഭാ തെരഞ്ഞെടുപ്പിൽ സാമുദായിക സമവാക്യത്തിന് ‘ബൈ ബൈ!’; ബ്രിട്ടാസിനെപ്പോലെ ‘ഫയർ പവർ’ ഉള്ളവരെ തേടി കോൺഗ്രസ്

Date:

ന്യൂഡൽഹി : വൈകിയാണെങ്കിലും രാജ്യസഭാ തെരഞ്ഞെടുപ്പിലെങ്കിലും സാമുദായിക സമവാക്യം കൈവിടാൻ കോൺഗ്രസ്. പകരം, പ്രസംഗപാടവം കൈമുതലായ സ്ഥാനാർത്ഥികളെ തേടുന്ന തിരക്കിലാണിപ്പോൾ പാർട്ടി. പാർലമെന്റിൽ സർക്കാരിനെതിരെ ശക്തമായി ശബ്ദമുയർത്താൻ ശേഷിയുള്ള ‘ഫയർ പവർ’ ഉള്ള നേതാക്കളുടെ അഭാവം ബോദ്ധ്യപ്പെട്ടതിനാലാണ് പുതിയ നീക്കം.

മാർച്ച് 16-നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്. 10 സംസ്ഥാനങ്ങളിലായി 37 സീറ്റുകളിലേക്കാണ് മത്സരം. സ്ഥിതികണക്കനുസരിച്ച് ഭൂരിഭാഗം സീറ്റുകളും ബിജെപി നേടുമെന്ന് ഉറപ്പാണെങ്കിലും തന്ത്രപരമായ നീക്കങ്ങളിലൂടെ അഞ്ച് സീറ്റുകളെങ്കിലും പിടിക്കാനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്. തെലങ്കാനയിൽ രണ്ട് സീറ്റുകളിലും ഹരിയാന, ഛത്തീസ്ഗഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഓരോ സീറ്റുകളിലുമാണ് കോൺഗ്രസ് വിജയസാദ്ധ്യത കാണുന്നത്. മഹാരാഷ്ട്ര (7), തമിഴ്‌നാട് (6), പശ്ചിമ ബംഗാൾ (5), ബിഹാർ (5) എന്നിവിടങ്ങളിലുൾപ്പെടെ ഏപ്രിൽ രണ്ടിനും ഒൻപതിനും കാലാവധി തീരുന്ന സീറ്റുകളിലേക്കാണ് മാർച്ച് 16-ന് വോട്ടെടുപ്പ് നടക്കുന്നത്.

തെലങ്കാനയിൽ നിന്നുള്ള രണ്ട് രാജ്യസഭാ സീറ്റുകളിലേക്കുള്ള മത്സരം ഏറെ ശ്രദ്ധേയമാണ്. ഒരു സീറ്റ് ലഭിക്കാൻ 40 എംഎൽഎമാരുടെ പിന്തുണയാണ് ആവശ്യം. നിലവിൽ 66 എംഎൽഎമാരുള്ള കോൺഗ്രസിന് ഇടതുപക്ഷത്തിന്റെയും എഐഎംഐഎമ്മിന്റെയും (7 എംഎൽഎമാർ) പിന്തുണയോടെ ആകെ 74 പേരുടെ ബലമുണ്ട്. ഇത് ഒരു സീറ്റ് ഉറപ്പിക്കാൻ സഹായിക്കുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ രണ്ടാമത്തെ സീറ്റിൽ മത്സരം കടുപ്പമാകും. ബിആർഎസിന് (BRS) 36 എംഎൽഎമാരുണ്ടെങ്കിലും അതിൽ 10 പേർ നേതൃത്വവുമായി അകൽച്ചയിലാണെന്ന റിപ്പോർട്ടുകൾ കോൺഗ്രസിന് പ്രതീക്ഷ നൽകുന്നു. മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി വീണ്ടും നാമനിർദ്ദേശം ചെയ്യപ്പെട്ടേക്കുമെന്നാണ് സൂചന.

ഛത്തീസ്ഗഡിൽ ഫൂലോ ദേവി നേതാമിന്റെ കാലാവധി അവസാനിക്കുന്നതോടെ ഒഴിവ് വരുന്ന ഏക സീറ്റിലേക്ക് വലിയ മത്സരമാണ് നടക്കുന്നത്. ഫൂലോ ദേവി നേതാമിനെ തന്നെ വീണ്ടും പരിഗണിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ, പുതിയ മുഖങ്ങൾ വരണമെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു. ടി എസ് സിംഗ് ദിയോ, മോഹൻ മർക്കാം, ദീപക് ബൈജ് തുടങ്ങിയ പ്രമുഖരുടെ പേരുകൾ ചർച്ചയിലുണ്ട്. ഹരിയാനയിലെ ഏക സീറ്റിനായി രാജ് ബബ്ബർ, പവൻ ഖേര, സുപ്രിയ ശ്രീനേറ്റ് തുടങ്ങിയ ദേശീയ നേതാക്കളുടെ നീണ്ട നിര തന്നെ രംഗത്തുണ്ട്.

ഹിമാചൽ പ്രദേശിൽ ബിജെപി എംപി ഇന്ദു ഗോസ്വാമിയുടെ കാലാവധി കഴിയുന്നതോടെ ഒഴിവ് വരുന്ന സീറ്റിലേക്ക് കോൺഗ്രസിനുള്ളിൽ കടുത്ത മത്സരമാണ്. മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു മുതിർന്ന നേതാവ് ആനന്ദ് ശർമ്മയെ പിന്തുണയ്ക്കുമ്പോൾ, പ്രതിഭ സിംഗും രംഗത്തുണ്ട്. താക്കൂർ കൗൾ സിംഗിന്റെ പേരും സജീവമായി പരിഗണിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ തവണ നടന്ന അപ്രതീക്ഷിത തിരിച്ചടികൾ മുന്നിൽ കണ്ട് അതീവ ജാഗ്രതയോടെയാണ് കോൺഗ്രസ് ഇവിടെ നീങ്ങുന്നത്.

മല്ലികാർജ്ജുൻ ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരടങ്ങുന്ന ഹൈക്കമാൻഡാണ് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത്. ഈ ആഴ്ച അവസാനത്തോടെ പട്ടിക പ്രഖ്യാപിച്ചേക്കും. ലോക്സഭയിലേത് പോലെ രാജ്യസഭയിലും ശക്തമായ വാദമുഖങ്ങൾ ഉയർത്താൻ കഴിയുന്ന നേതാക്കളെ എത്തിക്കുന്നതിലൂടെ പാർട്ടിയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കാനാണ് കോൺഗ്രസ് ശ്രമം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടയ്ക്കും നിരോധനമേർപ്പെടുത്തി സൗദി അറേബ്യ

ന്യൂഡൽഹി : പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ആഭ്യന്തര വിപണിയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള മുൻകരുതൽ...

മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ ശ്രീലേഖയ്ക്കെതിരെ പോക്സോ കേസ്

തിരുവനന്തപുരം : വിവിധ പീഡനക്കേസുകളിലെ പ്രായപൂർത്തിയാകാത്ത ഇരകളുടെ പേരും വിവരങ്ങളും വെളിപ്പെടുത്തിയ...