ബംഗളൂരു : ബംഗളൂരു മെട്രോ ട്രെയിനിൽ ഉച്ചത്തിൽ പാട്ടുപാടി സഹയാത്രികർക്ക് ശല്യമുണ്ടാക്കിയ 11 യുവതികൾക്കെതിരെ കേസെടുത്ത് പോലീസ്. ഞായറാഴ്ച രാത്രി മഡവാരയിൽ നിന്ന് കെമ്പെഗൗഡ ഇന്റർചേഞ്ച് മെട്രോ സ്റ്റേഷനിലേക്കുള്ള നമ്മ മെട്രോ ഗ്രീൻ ലൈൻ ട്രെയിനിലായിരുന്നു സംഭവം. പീനിയ പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ പ്രതികളെല്ലാം യുവതികളാണ്. പാട്ടിനൊപ്പം ചിലർ സഹയാത്രക്കാർക്ക് ബുദ്ധിച്ചുട്ടുണ്ടാക്കി നൃത്തം ചെയ്തതായും ആക്ഷേപമുണ്ട്. മെട്രോ നിയമങ്ങൾ ലംഘിച്ച് യാത്രക്കാർ ഉച്ചത്തിൽ പാട്ട് പാടുന്നതിൻ്റെയും നൃത്തം ചെയ്യുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
യാത്രക്കാർ യുവതികളുടെ പ്രവൃത്തിയെ ചോദ്യം ചെയ്തതോടെ ട്രെയിനിൽ യാത്രക്കാരും യുവതികളും തമ്മിൽ രൂക്ഷമായ വാക്കേറ്റമായി. ഇതോടെ ട്രെയിൻ യാത്ര 20 മിനിറ്റോളം വൈകി. തുടർന്ന് സുരക്ഷാ ജീവനക്കാർ ഇടപെട്ടാണ് ഗതാഗതം പുന:സ്ഥാപിച്ചത്. മെട്രോ സെക്യൂരിറ്റി ഓഫീസർ പി ഗജേന്ദ്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പീനിയ പോലീസ് കേസെടുത്തത്. തുടർന്ന് യുവതികൾ ക്ഷമാപണം നടത്തി. മെട്രോയിലെ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഇവർ പിഴ അടയ്‌ക്കേണ്ടിവരുമെന്ന് പോലീസ് അറിയിച്ചു.
കർണാടക പോലീസ് ആക്ട് പ്രകാരം, പെറ്റി കേസ് രജിസ്റ്റർ ചെയ്യുകയും അവരോട് പിഴ അടയ്ക്കാൻ നിർദേശിക്കുകയും ചെയ്തുവെന്നും അത്തരം പെരുമാറ്റം ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകുന്നതിനൊപ്പം ക്ഷമാപണ കത്ത് എഴുതാൻ ആവശ്യപ്പെട്ടുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഗൊരഗുണ്ടേപാളയ, സാൻഡൽ സോപ്പ് ഫാക്ടറി, മഹാലക്ഷ്മി, കുവേംപു റോഡ് എന്നിവയുൾപ്പെടെ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ശല്യമുണ്ടാക്കിയെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എല്ലാ യാത്രക്കാർക്കും സുരക്ഷിതവും, തടസ്സരഹിതവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. മെട്രോ നെറ്റ്‌വർക്കിൽ ഇത്തരം പെരുമാറ്റം അനുവദിക്കില്ല എന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. സംഭവത്തിന്റെ വീഡിയോ വൈറലായി. മാനദണ്ഡങ്ങൾ ലംഘിച്ച് വനിതാ കോച്ചിൽ കയറി പാട്ടുകൾ പാടുന്നത് ദൃശ്യങ്ങളിൽ കാണാം. വീഡിയോ ദൃശ്യം വൈറലായതോടെ വ്യാപകമായ വിമർശനത്തിന് ഇടയാക്കി.
