ന്യൂഡൽഹി : നിമിഷപ്രിയയുടെ മോചനക്കേസിൽ ഇടപെടുന്നതിനു പരിമിതികളുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. നയതന്ത്ര ഇടപെടൽ അംഗീകരിക്കപ്പെടാത്തതിനാൽ സ്വകാര്യതലത്തിൽ ചർച്ചകൾ നടത്താനാണ് ശ്രമിക്കുന്നത്. യെമനിൽ സ്വാധീനമുള്ള ആളുകൾ വഴിയാണ് ചർച്ച നടത്തുന്നത്. മോചനത്തിനു വേണ്ടി പരാമവധി ശ്രമിക്കും. അതിനായുള്ള ശ്രമങ്ങൾ കേന്ദ്രം നടത്തുന്നുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
അനൗദ്യോഗിക ആശയവിനിമയം നടക്കട്ടെയെന്നു പറഞ്ഞ സുപ്രീം കോടതി തങ്ങൾക്ക് ഒരു നിർദ്ദേശം നൽകാനാവില്ലെന്നും വ്യക്തമാക്കി. കേസ് നിരീക്ഷിക്കുകയാണെന്നു വ്യക്തമാക്കിയ കോടതി ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. ..
കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തിൽനിന്നു മാപ്പ് ലഭിക്കുക എന്നതാണ് ഇനി നിമിഷയ്ക്ക് മുന്നിലുള്ള ഏക പോംവഴി. നിമിഷ പ്രിയയുടെ ജയിൽ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വീണ്ടും കത്തയച്ചിരുന്നു. വധശിക്ഷ 16ന് നടപ്പാക്കുമെന്ന് അറിയുന്നുവെന്നും ഉടൻ ഇടപെടണമെന്നുമാണ് മുഖ്യമന്ത്രികത്തിലൂടെ ആവശ്യപ്പെട്ടത്.
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് അമ്മ പ്രേമകുമാരി യമന്‍ പ്രോസിക്യൂട്ടര്‍ക്കും കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയിരുന്നു. വധശിക്ഷ ഈ മാസം 16ന് നടപ്പാക്കരുതെന്നും ദയാധനം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്നും പ്രേമകുമാരി അപേക്ഷയില്‍ പറയുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ നിർത്തിവെയ്പ്പിക്കാൻ ആക്ഷൻ കൗൺസിൽ സജീവ ശ്രമം തുടരുന്നുണ്ട്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന്റെയോ ഗോത്രവുമായി ബന്ധപ്പെട്ട തലവന്മാരുടെയോ വ്യക്തമായ നിലപാട് ലഭിക്കാത്തതാണ് പ്രതിസന്ധി. ദയാധനം സംബന്ധിച്ച് ഉറപ്പ് നൽകാനും ശ്രമം നടക്കുന്നുണ്ട്.
