ന്യൂഡൽഹി : കെപിസിസി പുന:സംഘടനയിൽ അതൃപ്തി പരസ്യമാക്കിയ ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ പ്രവർത്തി മണ്ഡലം ഇനി മുതൽ കേരളത്തിന് പുറത്ത്. ചാണ്ടി ഉമ്മന് എഐസിസിയിൽ ടാലന്‍റ് ഹണ്ട് കോര്‍ഡിനേറ്റർ എന്ന പുതിയ പദവിയിൽ നിയമിച്ച്മേ ഘാലയുടെയും അരുണാചൽ പ്രദേശിൻ്റെയും ചുമതലക്കാരനാക്കി.
അതൃപ്തി പ്രകടിപ്പിച്ച ഷമ മുഹമ്മദിനും ഇതേ പദവി നൽകി എഐസിസി ഗോവയുടെ ചുമതലക്കാരിയാക്കി. കെപിസിസി പുനഃസംഘടനയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടയിലാണ് ഇരുവർക്കും പുതിയ പദവികള്‍ നല്‍കിയത്. കെപിസിസി പുന:സംഘടനയിൽ ചാണ്ടി ഉമ്മനും ഷമ മുഹമ്മദും പ്രതിഷേധമറിയിച്ചിരുന്നു. പട്ടികയിലിടം പ്രതീക്ഷിച്ച ഷമ മുഹമ്മദ്, തഴയപ്പെട്ടതോടെ കഴിവ് മാനദണ്ഡമാണോയെന്ന് പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.
കെപിസിസി പുന:സംഘടനയില്‍ അതൃപ്തി വ്യക്തമാക്കിയതിന് പിന്നാലെ കെപിസിസിയുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍നിന്ന് ചാണ്ടി ഉമ്മന്‍ എക്സിറ്റ് അടിച്ചിരുന്നു.13 ഉപാധ്യക്ഷന്മാരെയും 58 ജനറല്‍ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തി കെപിസിസി ജംബോ പട്ടിക പുറത്തുവിട്ടതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്‍ അതൃപ്തി പ്രകടമാക്കി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. അബിന്‍ വര്‍ക്കിക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം നിഷേധിച്ചതിനെതിരെ പ്രതികരിച്ചതാണ് ചാണ്ടി ഉമ്മനെ തഴയാന്‍ ഇടയാക്കിയതെന്നും ആരോപണമുയര്‍ന്നിരുന്നു.