കൊച്ചി : ആഴക്കടലിന്റെ വിസ്മയക്കാഴ്ചകളും കൗതുകമുണര്‍ത്തുന്ന കടലറിവുകളുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഓപ്പണ്‍ ഹൗസ് പ്രദര്‍ശനം ഒരുക്കുന്നു. സിഎംഎഫ്ആര്‍ഐയുടെ
79ാം സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി മൂന്ന് ചൊവ്വാഴ്ച രാവിലെ 9 മുതല്‍ 3 വരെയാണ് പ്രദര്‍ശനം. കടലാഴങ്ങളിലെ വൈവിദ്ധ്യമായ ജൈവവൈവിദ്ധ്യങ്ങളും സിഎംഎഫ്ആര്‍ഐ നടത്തിവരുന്ന ഗവേഷണ പഠനങ്ങളും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഓപ്പണ്‍ ഹൗസ് പ്രദര്‍ശനത്തിൻ്റെ ലക്ഷ്യം.
വിവിധ ഗവേഷണവിഭാഗങ്ങള്‍ ഒരുക്കുന്ന പ്രദര്‍ശനം, അപൂര്‍വ്വ ശേഖരങ്ങളുള്ള മ്യൂസിയം, മറൈന്‍ അക്വേറിയം, വിവിധ ലബോറട്ടറികള്‍, ഹാച്ചറികള്‍ തുടങ്ങിയ സന്ദര്‍ശിക്കാനും വിദഗ്ധരുമായി ആശയവിനിമയം നടത്താനും അവസരമുണ്ടാകും. തിമംഗലം, ഡോള്‍ഫിന് തുടങ്ങിയ കടല്‍സസ്തനികളെ കുറിച്ചുള്ള പ്രത്യേക പവലിയനാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം.
ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവ, കടല്‍ മുയല്‍, പറക്കും കൂന്തല്‍, കടല്‍ വെള്ളരി, പലതരം കടല്‍ സസ്യങ്ങള്‍, കടല്‍പാമ്പുകള്‍, വിഷമത്സ്യങ്ങള്‍ തുടങ്ങി മൂവായിരത്തോളം സമുദ്ര ജൈവവൈവിദ്ധ്യങ്ങളുടെ ശേഖരമടങ്ങുന്നതാണ് സിഎംഎഫ്ആര്‍ഐയിലെ നാഷണല്‍ മറൈന്‍ ബയോഡൈവേഴ്സിറ്റി മ്യൂസിയം. .
കൂടാതെ, കാര്‍ഷിക അനുബന്ധ മേഖലകളിലെ ഉന്നത പഠനം, തൊഴില്‍സാദ്ധ്യതകള്‍ എന്നിവ പരിചയപ്പെടുത്തുന്ന പ്രത്യേക സെഷന്‍ 2.30 മുതല്‍ 4 വരെ നടക്കും. സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് ഉള്‍പ്പെടെ വിവിധ ശാസത്രജ്ഞര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും.
