3000 കോടിയുടെ ആഗോള കരാർ സ്വന്തമാക്കി കൊച്ചിൻ ഷിപ്പ് യാർഡ് ; ഹരിത കപ്പലുകൾ നിര്‍മ്മിക്കാനുള്ള ഫ്രാൻസ് കമ്പനിയുടെ തീരുമാനം കൊച്ചിക്ക് ഗുണമായി

Date:

[Photo Courtesy : Cochin Shipyard/Facebook]

കൊച്ചി : 3000 കോടിയുടെ ആഗോള കരാർ സ്വന്തമാക്കി
കേന്ദ്ര പൊതുമേഖലാ കപ്പൽ നിർമ്മാണ കമ്പനിയായ കൊച്ചിൻ ഷിപ്പ്‌യാർഡ്. ലോകത്തിലെ മൂന്നാമത്തെ വലിയ ചരക്കുകപ്പൽ ശൃംഖലയായ ഫ്രാൻസിലെ സിഎംഎ സിജിഎം ഗ്രൂപ്പിന് വേണ്ടി ആറ് അത്യാധുനിക എൽഎൻജി അധിഷ്ഠിത കണ്ടെയ്‌നർ കപ്പലുകൾ നിർമ്മിക്കാനുള്ള കരാറാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് നേടിയത്. ഇതു സംബന്ധിച്ച് കരാറിൽ ഇരുകൂട്ടരും ഒപ്പുവെച്ചു. കപ്പലുകളുടെ നിർമ്മാണം പൂർത്തിയാക്കി 2029-2031 കാലയളവിൽ കൈമാറാനാണ് കാരാറെന്നറിയുന്നു.

ആദ്യമായാണ് സിഎംഎ സിജിഎം പോലൊരു ആഗോള കമ്പനി ഇന്ത്യയിലെ ഒരു കപ്പൽശാലയ്ക്ക് എൽഎൻജി ഇന്ധനമായുള്ള ചരക്കുകപ്പലുകൾ നിർമ്മിക്കാനുള്ള കരാർ നൽകുന്നത്. ആറു കപ്പലുകളും ഇന്ത്യൻ പതാകയ്ക്കു കീഴിലായിരിക്കും രജിസ്റ്റർ ചെയ്യുക. 20 അടിയുടെ 1,700 കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതായിരിക്കും ഓരോ കപ്പലും. പരിസ്ഥിതി സൗഹൃദമായ ഹരിത കപ്പലുകളിലേക്കുള്ള ചുവടുവെപ്പിന്റെ ഭാഗമായാണ് ഫ്രഞ്ച് കമ്പനി, പുതിയ കപ്പലുകളുടെ നിർമ്മാണത്തിന് കൊച്ചി കപ്പൽശാലയെ തിരഞ്ഞെടുത്തത്. കൊച്ചി കപ്പൽശാല ഈ രംഗത്ത് വലിയ മുന്നേറ്റം നടത്തിവരുകയാണ്.

ലോകത്തിലെ ഏറ്റവും വലിയ കപ്പൽനിർമാണ ഗ്രൂപ്പുകളിലൊന്നായ എച്ച്ഡി കൊറിയ ഷിപ്പ് ബിൽഡിങ് ആൻഡ് ഓഫ്‌ഷോർ എൻജിനിയറിങ് കമ്പനി (ഹ്യുണ്ടായ്) യുമായി കൊച്ചി കപ്പൽശാല ഈയിടെ കൈകോർക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. അവരുടെ സാങ്കേതിക സഹകരണത്തോടെയായിരിക്കും ഫ്രഞ്ച് കമ്പനിക്കായുള്ള എൽഎൻജി കപ്പലുകൾ നിർമിക്കുക. കപ്പൽനിർമാണ രംഗത്തെ ആഗോള ഹബ്ബായി വളരാനുള്ള ഇന്ത്യയുടെ സ്വപ്‌നങ്ങൾക്ക് ഊർജം പകരുന്നതാണ് സിഎംഎ സിജിഎം ഗ്രൂപ്പിൽ നിന്നുള്ള ഈ സുപ്രധാന ഓർഡറുകളെന്ന് കൊച്ചിൻ ഷിപ്പ്‌യാർഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായർ പറഞ്ഞു. മാരിടൈം ഹബ്ബായി മാറാനുള്ള കൊച്ചിയുടെ സ്വപ്‌നങ്ങൾക്കും ഇത് ചിറകുനൽകും.

ഇന്ത്യൻനിർമിത എൽഎൻജി കപ്പലുകൾക്ക് ഓർഡർ നൽകുന്ന ആദ്യ അന്താരാഷ്ട്ര ഷിപ്പിങ് കമ്പനിയാണ് തങ്ങൾ എന്നതിൽ സന്തോഷമുണ്ടെന്ന് സിഎംഎ സിജിഎം ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ റൊഡോൾഫ് സാഡെ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സാങ്കേതിക തകരാർ; ഡൽഹിയിൽ വിമാന സർവ്വീസുകൾ തടസ്സപ്പെട്ടത് പരിഹരിക്കാൻ തീവ്രശ്രമം

(Photo Courtesy : x) ന്യൂഡൽഹി: എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിലെ...

ശബരിമല സ്വർണ്ണക്കവർച്ച : മുൻ തിരുവാഭരണ കമ്മീഷണർ ബൈജു അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചക്കേസിൽ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ് ബൈജു അറസ്റ്റിൽ....