മലപ്പുറം : മലപ്പുറം ജില്ലയിലെ ഏക ടോള്‍പ്ലാസ ട്രയല്‍ റണ്ണിനു ശേഷം വെള്ളിയാഴ്ച പ്രവര്‍ത്തന സജ്ജമായി. ഒപ്പം, നിര്‍മ്മാണം പൂര്‍ത്തിയാകാതെ ടോള്‍ പിരിക്കുന്നതിനെതിരെ മുസ്ലിംലീഗ് പ്രക്ഷോഭം ആരംഭിയ്ക്കുകയും ചെയ്തു. നിര്‍മ്മാണം പൂര്‍ത്തിയാകാതെ ടോള്‍പിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് ലീഗ് നിലപാട്. ഇതിനെതിരെ ലീഗ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ ടോള്‍ബൂത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുകളും പ്രക്ഷോഭ രംഗത്തെത്തി. ടോള്‍പിരിവ് ആരംഭിക്കുന്ന ദിവസമായതിനാല്‍ രണ്ടുദിവസത്തേക്ക് സ്വകാര്യബസ്സുകള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍, അടുത്ത ദിവസം മുതല്‍ 50 തവണ ടോള്‍ബൂത്ത് കടന്നു പോകുന്നതിന് 16,000 രൂപ നല്‍കേണ്ടി വരും,. ഇതിനെതിരെയാണ് ബസ്സുകള്‍ സമരം ആരംഭിക്കുന്നത്.
മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാത 66-ലെ ഏക ടോള്‍പ്ലാസ സജ്ജീകരിച്ചിരിക്കുന്നത് വെട്ടിച്ചിറയിലാണ്. ഓരോ വിഭാഗം വാഹനങ്ങള്‍ക്കുമുള്ള ടോള്‍ നിരക്കുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാര്‍ അടക്കമുള്ള ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 145 രൂപയും മടക്കയാത്ര കൂടി ഉണ്ടെങ്കില്‍ 220 രൂപയും ഈടാക്കും.
മലപ്പുറം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളാണെങ്കിൽ ഒറ്റത്തവണത്തേക്ക് 75 രൂപ നല്‍കിയാല്‍ മതിയാകും. മിനി ബസ് ഉള്‍പ്പെടെയുള്ള ലഘു വാണിജ്യ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 235 രൂപയും ഇരുഭാഗങ്ങളിലേക്കായി 355 രൂപയും നല്‍കണം. ബസുകള്‍ക്കും ട്രക്കുകള്‍ക്കും ഒരു ഭാഗത്തേക്ക് 495 രൂപയും ഇരുഭാഗങ്ങളിലേക്കായി 745 രൂപയുമാണ് ഈടാക്കുക. 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന പ്രദേശവാസികളായ നാട്ടുകാര്‍ക്ക് ഒരു മാസത്തേക്ക് 340 രൂപ അടച്ചാല്‍ പ്രത്യേക പാസ് ലഭിക്കും.
