കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥി സംവിധായകൻ വി.എം.വിനുവിന്റെ പേരും വോട്ടർ പട്ടികയിലില്ല. ഇതോടെ വി.എം.വിനുവിന് കോർപ്പറേഷനിലേക്ക് മത്സരിക്കാൻ സാധിക്കില്ല. കോൺഗ്രസ് മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയിരുന്നത് വി.എം.വിനുവിനെയായിരുന്നു.
മത്സരിക്കാൻ ഉദ്ദേശിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ വോട്ടർ പട്ടികയിൽ സ്ഥാനാർത്ഥിയുടെ പേര് വേണമെന്നാണ് വ്യവസ്ഥ. കല്ലായി ഡിവിഷനിൽ ന ആയിരുന്നു വിനു സ്ഥാനാർത്ഥിയായിരുന്നത്. ആദ്യഘട്ട പ്രചാരണവും വിനു തുടങ്ങിയിരുന്നു.
നേരത്തെ തിരുവന്തപുരം മുട്ടട ഡിവിഷനിലേക്ക് മത്സരിക്കാനിരുന്ന കോൺഗ്രസിന്റെ വൈഷ്ണ സുരേഷിന്റെ പേരും വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നില്ല. ഇതേതുടർന്ന് വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മത്സരിക്കാനുള്ള അവകാശം കേവലം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇല്ലാതാക്കരുതെന്നാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടത്. നവംബർ 19നു മുമ്പ് ഹിയറിങ് നടത്തി തീരുമാനമെടുക്കണമെന്നാണ് കോടതി നിർദ്ദേശം. വൈഷ്ണയെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ പരാതി നൽകിയ ആളും ഹിയറിങ്ങിൽ പങ്കെടുക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
