തിരുവനന്തപുരം : നിലവിലെ സ്ഥിതിയില്‍ പോയാല്‍ സംസ്ഥാനത്ത് വീണ്ടും എല്‍ഡിഎഫ് അധികാരത്തിലേറുമെന്ന് തിരുവനന്തപുരം ഡിസിസി
അദ്ധ്യക്ഷന്‍ പാലോട് രവി. കോണ്‍ഗ്രസിനുള്ളിലുള്ള തര്‍ക്കങ്ങളിലും പ്രവര്‍ത്തനരീതികളിലും ആശങ്കപ്പെട്ട് പാര്‍ട്ടി പ്രാദേശിക നേതാവുമായുള്ള പാലോട് രവി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായതിൽ നിന്നാണ് ഇക്കാര്യം വെളിവായത്. ടെലിഫോൺ സംഭാഷണം പുറത്തായത് മാധ്യമങ്ങൾ ആഘോഷമാക്കിയതോടെ കോൺഗ്രസ് നേതാവ് പാലോട് രവി വെട്ടിലായി.
തദ്ദേശ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകും. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. മുസ്ലിം വിഭാഗം മറ്റുപാര്‍ട്ടികളിലേക്കും സിപിഐഎമ്മിലേക്കും പോകും.
കുറേ കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേരും. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മൂന്നാമത് പോകും. നിയമസഭയില്‍ താഴെ വീഴും. കോണ്‍ഗ്രസ് എടുക്കാച്ചരക്കാകുമെന്നും പാലോട് രവി പറയുന്നു.
”60 നിയമസഭാ മണ്ഡലത്തില്‍ ബിജെപി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നീ നോക്കിക്കോ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് വോട്ട് പിടിക്കും. കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും. ഇതാണ് കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത്. നാട്ടില്‍ ഇറങ്ങി നടന്ന് ജനങ്ങളുമായി സംസാരിക്കാന്‍ പത്ത് ശതമാനം സ്ഥലങ്ങളിലേ ആളുള്ളൂ. ഇത് മനസ്സിലാക്കാതെയാണ് നമ്മളൊക്കെ വീരവാദം പറഞ്ഞുനടക്കുന്നത്. ഈ പാര്‍ട്ടിയെ ഓരോ ഗ്രൂപ്പും താത്പര്യങ്ങളും പറഞ്ഞ് തകര്‍ക്കുന്നതിന്റെ ഉത്തരവാദിത്തം ഉണ്ടാകണം. ഒറ്റയെണ്ണത്തിന് പരസ്പരം ആത്മാര്‍ത്ഥമായി സ്‌നേഹമോ ബന്ധമോ ഇല്ല. എങ്ങനെ കാലുവരാമെന്നാണ് നോക്കുന്നത്. ഒരുത്തനും ഒരുത്തനെ അംഗീകരിക്കാന്‍ തയ്യാറല്ല.” പാലോട് രവി ടെലിഫോൺ സംഭാഷണമദ്ധ്യേ പറഞ്ഞു.
