ന്യൂഡൽഹി : അഞ്ചു വർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലിൽ കഴിയേണ്ടിവന്നാൽ മന്ത്രിമാർക്ക് ഒരുമാസത്തിനകം സ്ഥാനം നഷ്ടപ്പെടുന്ന വിവാദ ബിൽ അവതരണം ലോക്സഭയിലെ പ്രതിപക്ഷ ബഹളത്തിൽ മുങ്ങി. ബിൽ കീറിയെറിഞ്ഞായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഒടുവിൽ ബിൽ പാർലമെൻ്റിൻ്റെ സംയുക്ത സമിതിയുടെ പരിഗണനയ്ക്കു വിട്ടു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. ബില്ലിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിവരെ നിർത്തിവെച്ച സഭ വീണ്ടും സമ്മേളിച്ചപ്പോഴും പ്രതിഷേധം തുടർന്നതോടെ വൈകിട്ട് അഞ്ചുമണി വരെ നിർത്തിവെച്ചു. മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെ ഭരണ–പ്രതിപക്ഷാംഗങ്ങൾ കയ്യാങ്കളിയിലേക്ക് നീങ്ങി. ഇതിനിടെ ബിൽ പാർലമെന്റ് സംയുക്ത സമിതിയുടെ പരിഗണനയ്ക്കു വിടുകയായിരുന്നു. സഭ വൈകിട്ട് അഞ്ചുമണി വരെ നിർത്തിവയ്ക്കുകയാണെന്നറിയിച്ച സ്പീക്കർ, പ്രതിപക്ഷം സഭയിൽ മാന്യത പുലർത്തണമെന്ന് വിമർശിക്കുകയും ചെയ്തു.
വിവാദ ബില്ലിനെ പ്രതിപക്ഷം ചോദ്യശരങ്ങൾ കൊണ്ടു മൂടി. അമിത് ഷാ മുൻപ് അറസ്റ്റിലായിട്ടുണ്ടെന്നും രാജിവയ്ക്കുമോയെന്നും കെ.സി. വേണുഗോപാൽ ചോദിച്ചു. കേസെടുത്തപ്പോൾ രാജിവെച്ചെന്നായിരുന്നു അമിത് ഷായുടെ മറുപടി. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ് ബില്ലെന്ന് പ്രിയങ്ക ഗാന്ധി ലോക്സഭയിൽ പറഞ്ഞു. ‘‘നാളെ, നിങ്ങൾക്ക് ഒരു മുഖ്യമന്ത്രിക്കെതിരെ ഏത് തരത്തിലുള്ള കേസും ചുമത്താം. ശിക്ഷിക്കപ്പെടാതെ 30 ദിവസത്തേക്ക് ജയിലിൽ ഇടാം. അദ്ദേഹത്തെ മുഖ്യമന്ത്രി കസേരയിൽ നിന്നും പുറത്താക്കാം. ഇതു തികച്ചും ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്: “- പ്രിയങ്ക പറഞ്ഞു.