(Photo Courtesy : X)
കാഠ്മണ്ഡു : നേപ്പാളിലെ അഴിമതിക്കും സോഷ്യൽ മീഡിയ
നിരോധനത്തിനുമെതിരെ പ്രതിഷേധം സംഘടിപ്പിച്ച
ജെൻ -Z യുവതീ യുവാക്കൾക്ക് നേരെ നടന്ന പോലീസ് വെടിവെപ്പിൽ മരണം 20 ആയി. 250-ൽപ്പരം പേർക്ക് പരിക്കേറ്റു. മരണപ്പെട്ടവരിലും പരിക്കേറ്റവരിലും ഭൂരിഭാഗവും വിദ്യാർത്ഥി യൂണിഫോമിലുള്ളവരാണ്.
തലസ്ഥാനമായ കാഠ്മണ്ഡുവിലെ തെരുവുകളിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. കാഠ്മണ്ഡുവിൽ ഏർപ്പെടുത്തിയ കർഫ്യൂ തുടരുകയാണ്.
യൂണിഫോം ധരിച്ച വിദ്യാർത്ഥികൾക്കെതിരായ ആക്രമണം മനുഷ്യാവകാശങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്നും ഉടനടി സ്വതന്ത്ര അന്വേഷണം നടത്തണമെന്നും സർക്കാരിനെതിരെ നടപടിയെടുക്കാൻ ഐക്യരാഷ്ട്രസഭയോടും ആഗോള സംഘടനകളോടും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.

പ്രതിഷേധക്കാർ പാർലമെന്റ് മന്ദിരത്തിലേക്ക് ഇടിച്ചു കയറിയതോടെ പോലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. സോഷ്യൽ മീഡിയ നിരോധിച്ച സർക്കാർ നടപടി മുതൽ അഴിമതി വരെയുള്ള എല്ലാത്തിനും എതിരെയാണ് രാജ്യത്തെ യുവതലമുറയുടെ പ്രതിഷേധം.
പ്രകടനത്തിനിടെ സർക്കാർ മണിക്കൂറുകളോളം ഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുത്തി. നേപ്പാളിലെ വിവിധ നഗരങ്ങളിൽ പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയുടെ സർക്കാരിനെതിരെ ജെൻ -Z യുവത്വം വ്യാപകമായ പ്രതിഷേധത്തിനാണ് ഇന്ന് തുടക്കമിട്ടിട്ടുള്ളത്.
രാജ്യത്ത് രജിസ്റ്റര്‍ ചെയ്യാത്ത 26 സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളോടൊപ്പം ഫെയ്‌സ്ബുക്ക്, യൂട്യൂബ്, എക്‌സ് തുടങ്ങിയ സാമൂഹികമാധ്യമങ്ങള്‍ക്ക് കൂടി കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ നേപ്പാളില്‍ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിൽ രോഷാകുലരായാണ് യുവാക്കൾ ഇന്നുമുതൽ പ്രതിഷേധം ആരംഭിച്ചത്. ഈ കമ്പനികൾ നേപ്പാളിൽ ഓഫീസുകൾ തുറക്കുകയും സർക്കാരിൽ രജിസ്റ്റർ ചെയ്യുകയും ക്രമക്കേടുകൾ തടയുന്നതിനുള്ള സംവിധാനം സൃഷ്ടിക്കുകയും ചെയ്താൽ മാത്രമെ സോഷ്യൽ മീഡിയയ്ക്കുള്ള ഈ വിലക്ക് നീക്കുകയുള്ളൂവെന്ന് സർക്കാർ അറിയിച്ചു. ഇതുവരെ ടിക് ടോക്ക്, വൈബർ, നിംബസ്, വിറ്റാക്, പോപ്പോ ലൈവ് എന്നിവ മാത്രമാണ് നേപ്പാളിലെ കമ്പനി രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളൂ