ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഡല്‍ഹി സര്‍വ്വകലാശാലയോട് നിര്‍ദ്ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി.
മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിവരാവകാശ (ആര്‍ടിഐ) അപേക്ഷകന് നല്‍കണമെന്ന് കമ്മീഷന്‍ 2017-ലാണ് സര്‍വ്വകലാശാലയോട് നിര്‍ദ്ദേശിച്ചത്. ഇത് ചോദ്യം ചെയ്ത് ഡല്‍ഹി സര്‍വ്വകലാശാല സമര്‍പ്പിച്ച അപ്പീലിലാണ് ഇപ്പോള്‍ ഡല്‍ഹി ഹൈക്കോടതി വിധി. ‘കേന്ദ്ര വിവരാവകാശ കമ്മിഷന്‍ ഉത്തരവ് റദ്ദാക്കുന്നു’ എന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിയില്‍ പറയുന്നത്. ജസ്റ്റിസ് സച്ചിന്‍ ദത്തയാണ് കമ്മിഷന്‍ ഉത്തരവ് റദ്ദാക്കിയത്.
പ്രധാനമന്ത്രി മോദി ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് 1978-ല്‍ ബിഎ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയെന്നാണ് പറയപ്പെടുന്നത്. 1978-ല്‍ ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് ബിഎ ബിരുദം നേടിയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ നല്‍കണമെന്നതായിരുന്നു വിവരാവകാശ അപേക്ഷകൻ്റെ ആവശ്യം.
2016-ല്‍ മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പ്രധാനമന്ത്രി മോദിയോട് വിദ്യാഭ്യാസ യോഗ്യതകള്‍ പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഈ വിഷയം പൊതുശ്രദ്ധയിലേക്ക് വരുന്നത്. 1978-ല്‍ ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിഎ ബിരുദം നേടിയതായി പ്രധാനമന്ത്രി മോദി തന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
കെജ്‌രിവാള്‍ രംഗത്തെത്തുന്നതിന് ഒരു വര്‍ഷം മുന്‍പ്, ഡല്‍ഹി സര്‍വ്വകലാശാല 1978-ല്‍ നല്‍കിയ എല്ലാ ബിഎ ബിരുദങ്ങളുടെയും വിവരങ്ങള്‍ ആവശ്യപ്പെട്ട് നീരജ് ശര്‍മ്മ എന്നയാള്‍ ഒരു വിവരാവകാശ അപേക്ഷ നല്‍കിയിരുന്നു. ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ‘സ്വകാര്യമാണെന്നും’ അതിന് ‘പൊതുതാല്‍പ്പര്യവുമായി യാതൊരു ബന്ധവുമില്ലെന്നും’ ചൂണ്ടിക്കാട്ടി സര്‍വ്വകലാശാല അത് വെളിപ്പെടുത്താന്‍ വിസമ്മതിച്ചു.