(Photo Courtesy : X)
കാഠ്മണ്ഡു : നേപ്പാളിലെ സോഷ്യൽ മീഡിയ നിരോധനത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി ആൺകുട്ടികളും പെൺകുട്ടികളുമടങ്ങിയ ജെൻ – സി യുവജനത. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡു വൻ പ്രതിഷേധത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ആയിരക്കണക്കിന് യുവാക്കളാണ് മാർച്ചിൽ പങ്കെടുക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കാഠ്മണ്ഡുവിൽ കർഫ്യൂ ഏർപ്പെടുത്തി. അക്രമാസക്തമായ പ്രതിഷേധത്തിൽ 9 പേർ മരിച്ചതായും 80 പേർക്ക് പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കി.

നേപ്പാളിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ ജാഗ്രത വർദ്ധിപ്പിക്കാൻ നിർദ്ദേശത്തെ തുടർന്ന് എസ്എസ്ബി രംഗത്തെത്തി. അതിർത്തിയുടെ സുരക്ഷയ്ക്കായി എസ്എസ്ബിയെ കൂടുതലായി വിന്യസിപ്പിച്ചു. നേപ്പാളിലെ വിവിധ നഗരങ്ങളിൽ പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയുടെ സർക്കാരിനെതിരെ ജെൻ – സി വിപ്ലവം ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിൽ പ്രതിഷേധക്കാർ പാർലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിച്ചു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. സോഷ്യൽ മീഡിയ നിരോധിച്ച സർക്കാർ നടപടി മുതൽ അഴിമതി വരെയുള്ള എല്ലാത്തിനുമെതിരെയാണ് രാജ്യത്തെ പുതിയ യുവതലമുറയുടെ പ്രതിഷേധം.

രാജ്യത്ത് രജിസ്റ്റര്‍ ചെയ്യാത്ത 26 സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളോടൊപ്പം ഫെയ്‌സ്ബുക്ക്, യൂട്യൂബ്, എക്‌സ് തുടങ്ങിയ സാമൂഹികമാധ്യമങ്ങള്‍ക്ക് കൂടി കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ നേപ്പാളില്‍ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിൽ രോഷാകുലരായാണ് യുവാക്കൾ ഇന്നുമുതൽ പ്രതിഷേധം ആരംഭിച്ചത്