ബംഗളൂരു : കര്‍ണാടകയിലെ വോട്ടര്‍പട്ടികയില്‍ വന്‍തോതില്‍ ക്രമക്കേട് നടന്നെന്ന വെളിപ്പെടുത്തലിന് പിന്നാലെ രാഹുല്‍ഗാന്ധിക്ക് കത്തയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. രാഹുൽ വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് രാഹുല്‍ഗാന്ധിക്ക് കത്തയച്ചത്.
വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍, വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹരായവരുടെ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഒപ്പിട്ട സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിക്കാനാണ് കമ്മീഷന്റെ നിര്‍ദ്ദേശം. ഇതിനായുള്ള സത്യവാങ്മൂലത്തിന്റെ മാതൃകയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുലിന് കത്തിനോടൊപ്പം അയച്ചുനല്‍കിയിട്ടുണ്ട്. വിഷയത്തിൽ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ഈ നടപടിയെന്നും കത്തില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിനെക്കുറിച്ചുള്ള രാഹുല്‍ഗാന്ധിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു – ”ഞാന്‍ ഒരു രാഷ്ട്രീയക്കാരനാണ്. ഞാന്‍ ജനങ്ങളോട് എന്താണ് പറയുന്നത് അത് എന്റെ വാക്കാണ്. എല്ലാവരോടും പരസ്യമായിട്ടാണ് ഞാന്‍ അത് പറയുന്നത്. അത് ഒരു സത്യപ്രതിജ്ഞയായി എടുക്കുക. ഇതെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റയാണ്. ആ ഡേറ്റയാണ് ഞങ്ങള്‍ പ്രദര്‍ശിപ്പിച്ചതും. ഇത് ഞങ്ങളുടെ ഡേറ്റയല്ല. രസകരമെന്ന് പറയട്ടെ, അവര്‍ ഇതിലെ വിവരങ്ങളൊന്നും നിഷേധിച്ചിട്ടില്ല. വ്യക്തമാക്കിയ വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ തെറ്റാണെന്നും പറഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അത് തെറ്റാണെന്ന് പറയാത്തത്. കാരണം അവര്‍ക്ക് സത്യം അറിയാം. രാജ്യത്താകെ ഇങ്ങനെചെയ്തിട്ടുണ്ടെന്നും അവര്‍ക്കറിയാം.”രാഹുൽ ഗാന്ധി പറഞ്ഞു.