എംപോക്സ്: എയര്‍പോര്‍ട്ടുകളിൽ സര്‍വൈലന്‍സ് ടീം, ലക്ഷണങ്ങളുണ്ടായാൽ റിപ്പോർട്ട് ചെയ്യണം: ആരോഗ്യമന്ത്രി

Date:

തിരുവനന്തപുരം: ചില രാജ്യങ്ങളില്‍ എംപോക്സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ടീമുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

2022ല്‍ എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ പുറത്തിറക്കിയിരുന്നുവെന്നും അതനുസരിച്ചുള്ള ഐസൊലേഷന്‍, സാമ്പിള്‍ കളക്ഷന്‍, ചികിത്സ എന്നിവയെല്ലാം ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എംപോക്സ് രോഗലക്ഷണങ്ങളുമായി ആരെങ്കിലും എത്തുന്നുണ്ടെങ്കില്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും ഈ എസ്.ഒ.പി. കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

എന്താണ് എംപോക്സ്?

ആരംഭത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്സ്. എന്നാല്‍ ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സ് ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.

രോഗ പകര്‍ച്ച

കോവിഡോ എച്ച്1 എന്‍1 ഇന്‍ഫ്ളുവന്‍സയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്.

ലക്ഷണങ്ങള്‍

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

പ്രതിരോധം

അസുഖബാധിതരായ ആള്‍ക്കാരുമായി നിഷ്‌കര്‍ഷിച്ചിട്ടുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിക്കാതെ അടുത്തിടപഴകുന്ന ആള്‍ക്കാര്‍ക്കാണ് എംപോക്സ് ഉണ്ടാകുക. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും രോഗപ്പകര്‍ച്ച ഒഴിവാക്കുന്നതിനായി നിര്‍ബന്ധമായും നിര്‍ദേശിച്ചിട്ടുള്ള അണുബാധ നിയന്ത്രണ മുന്‍കരുതലുകള്‍ സ്വീകരിക്കണം.

രോഗിയെ ആംബുലന്‍സില്‍ കൊണ്ട് പോകേണ്ടി വരുമ്പോള്‍ ഗൗണ്‍, എന്‍ 95 മാസ്‌ക്, ഗ്ലൗസ്, കണ്ണട എന്നിവ ധരിക്കണം. ഇതോടൊപ്പം രോഗിയെ എത്തിക്കുന്ന ആശുപത്രിയേയും വിവരം അറിയിക്കണം. രോഗി എന്‍ 95 മാസ്‌കോ ട്രിപ്പിള്‍ ലെയര്‍ മാസ്‌കോ ധരിക്കണം. മുറിവുകളുണ്ടെങ്കില്‍ അത് മൂടത്തക്ക വിധം വസ്ത്രം പുതപ്പിക്കണം. രോഗിയെ എത്തിച്ച ശേഷം ആംബുലന്‍സും ഉപകരണങ്ങളും അണുവിമുക്തമാക്കണം. രോഗിയുമായി ബന്ധപ്പെട്ട സാധനങ്ങള്‍ മാര്‍ഗനിര്‍ദേശമനുസരിച്ച് നിര്‍മാര്‍ജനം ചെയ്യണം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഡൽഹി സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് ജയം

ന്യൂഡൽഹി : ഡൽഹി സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വിജയം....

ഭക്ഷ്യമന്ത്രിക്കെതിരെയുള്ള പ്രസ്താവന പിൻവലിച്ച് നിയമസഭയിൽ ക്ഷമാപണം നടത്തി വിഡി സതീശൻ ;  അനുകരണീയ മാതൃകയെന്ന് സ്പീക്കർ

തിരുവനന്തപുരം : ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിലിനെതിരെ നിയമസഭയിൽ നടത്തിയ പരാമർശം...

സൈബറാക്രമണത്തിന് ഇരയായ കെ.ജെ. ഷൈനിന്റെ പരാതിയിൽ കേസെടുത്ത് സൈബർ പോലീസ്

കൊച്ചി: സൈബറാക്രമണത്തിന് ഇരയായ സിപിഎം നേതാവ് കെ.ജെ. ഷൈനിന്റെ പരാതിയിൽ ആലുവ...

ആഗോള അയ്യപ്പ സംഗമത്തിന് ബുധനാഴ്ച തിരിതെളിയും, മൂവായിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കും; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട :ആഗോള അയ്യപ്പ സംഗമം നാളെ. ഇതിനായുള്ള ഒരുക്കങ്ങൾ പമ്പയിൽ പൂർത്തിയായി. ...