ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണ്ണക്കവർച്ചാക്കേസില്‍ സുപ്രധാന പരാമര്‍ശവുമായി സുപ്രീം കോടതി. നിങ്ങള്‍ ദൈവത്തെ പോലും വെറുതെ വിട്ടില്ല എന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ അംഗം കെപി ശങ്കരദാസ് നല്‍കിയ ഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതി പറഞ്ഞു. ബോര്‍ഡിന്റെ മിനുട്സില്‍ ഒപ്പിട്ട ശങ്കരദാസിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവാകാന്‍ ആകില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിയിലെ അഞ്ച് പാരഗ്രാഫ് നീക്കം ചെയ്യണമെന്ന ആവശ്യത്തില്‍ ഇടപെടാനും സുപ്രീം കോടതി വിസ്സമതിച്ചു. ജസ്റ്റിസ്മാരായ ദിപാങ്കര്‍ ദത്ത, എസ് സി ശര്‍മ്മ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
സ്വര്‍ണ്ണക്കവർച്ചയില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായിരുന്ന കെ പി ശങ്കരദാസിനും, വിജയകുമാറിനും ഉത്തരവാദിത്വം ഉണ്ടെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് ഇത്തരം പരാമര്‍ശം ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായത് എന്നാണ് ശങ്കര്‍ ദാസിന്റെ വാദം. ഇന്ന് ഹര്‍ജി പരിഗണിനയ്ക്ക് എടുത്തപ്പോള്‍ തന്നെ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് എസ് സി ശര്‍മ്മ നിങ്ങള്‍ ദൈവത്തെ പോലും വെറുതെ വിട്ടില്ലല്ലോ എന്ന് അഭിപ്രായപ്പെട്ടത്.
അതേസമയം, ശബരിമല സ്വര്‍ണ്ണകൊള്ള കേസ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ആറാഴ്ച കൂടി സമയം നല്‍കി. ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ദേവസ്വം ബെഞ്ച് കൂടുതല്‍ സമയം നല്‍കിയത്. എസ്.ഐ.ടി തലവന്‍ എ.ഡി.ജി.പി എച്ച് വെങ്കിടേഷ് നേരിട്ട് കോടതിയില്‍ ഹാജരായാണ് റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്.
