ജക്കാർത്ത : ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ മുസ്ലിം പള്ളിയിൽ സ്ഫോടനം. സ്ഫോടനത്തിൽ 54-ഓളം പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നുപേരുടെ പരിക്കുകൾ ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. ഒരു ഹൈസ്കൂൾ കോംപ്ലക്സിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയാണ് സ്ഫോടനങ്ങളുണ്ടായത്. പരിക്കേറ്റവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്.
ഉച്ചയോടെ രണ്ട് വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് ദൃക്സാക്ഷികൾ പറയുന്നത്. വടക്കൻ ജക്കാർത്തയിലെ കെലപ ഗാഡിംഗ് പ്രദേശത്തെ നാവിക കോമ്പൗണ്ടിനുള്ളിലെ എസ്എംഎ 27 എന്ന സർക്കാർ ഹൈസ്കൂളിലെ പള്ളിയിലാണ് സംഭവം. പ്രഭാഷണം ആരംഭിച്ചപ്പോൾ തന്നെ സ്ഫോടനം നടക്കുകയായിരുന്നു.
സ്ഫോടനത്തിൽ പരിക്കേറ്റവർക്കെല്ലാം ചില്ലു കഷ്ണങ്ങൾ കൊണ്ടുള്ള പരിക്കുകളാണുള്ളതെന്ന് പോലീസ് മേധാവി അസെപ് എഡി സുഹേരി പറഞ്ഞു. . 20 വിദ്യാർത്ഥികൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. നിസ്സാര പരിക്കുള്ളവരെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു.
പോലീസ് പ്രദേശം വളഞ്ഞ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ജക്കാർത്ത പോലീസിൽ നിന്നുള്ള ബോംബ് സ്ക്വാഡ് സ്ഥലത്തെത്തിയിട്ടുണ്ട്. .സ്ഫോടനത്തിനു പിന്നിൽ ആരാണെന്നത് വ്യക്തമല്ല. അന്വേഷണം നടക്കുകകയാണെന്ന് പോലീസ് മേധാവി പറഞ്ഞു. പള്ളിയുടെ സ്പീക്കറിന് സമീപത്ത് നിന്നാണ് സ്ഫോടനം ഉണ്ടായതെന്ന് ജക്കാർത്ത പോലീസ് ചീഫ് വ്യക്തമാക്കി. സ്ഥലത്തെത്തിയ ബോംബ് വിരുദ്ധ സ്ക്വാഡ് പള്ളിക്കടുത്തു നിന്ന് ഒരു കളിത്തോക്ക് കണ്ടെത്തിയതായി വിവരമുണ്ട്
