കൊൽക്കത്ത : രാത്രിയിൽ പെൺകുട്ടികളെ പുറത്തിറങ്ങാൻ അനുവദിക്കരുതെന്നും അവൾ സ്വയം സംരക്ഷിക്കുകയും വേണമെന്നുമുള്ള പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പരാമർശം വിവാദത്തിൽ. ദുർഗാപൂരിലെ ശോഭാപൂരിനടുത്തുള്ള ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിനി കഴിഞ്ഞ ദിവസം ബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതികരിക്കുന്നതിനിടെയാണ് മമതയുടെ ഈ വിവാദ പരാമർശം.
ഒരു പെൺകുട്ടിയെ രാത്രിയിൽ പുറത്തിറങ്ങാൻ അനുവദിക്കരുത്. അവളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സ്വകാര്യ മെഡിക്കൽ കോളേജിന്റെ ഉത്തരവാദിത്തമാണെന്നും അതിനാൽ തന്റെ സർക്കാരിനെ ഈ വിഷയത്തിൽ വലിച്ചിഴയ്ക്കുന്നത് അന്യായമാണെന്നും മമതാ ബാനർജി പറഞ്ഞു.
“പ്രത്യേകിച്ച്, രാത്രിയിൽ ഒരു പെൺകുട്ടിയെ പുറത്തിറങ്ങാൻ അനുവദിക്കരുത്. അവൾ സ്വയം സംരക്ഷിക്കുകയും വേണം.” സംഭവത്തെ ഞെട്ടിപ്പിക്കുന്നതാണ് എന്ന് വിശേഷിപ്പിച്ചുകൊണ്ട് അവർ പറഞ്ഞു. ആരെയും വെറുതെ വിടില്ലെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.
സംഭവത്തിൽ എന്തുകൊണ്ടാണ് തന്റെ സർക്കാരിനെ ഒറ്റപ്പെടുത്തുന്നതെന്ന് മമത ബാനർജി ചോദിച്ചു. ഏകദേശം ഒരു മാസം മുമ്പ് ഒഡീഷയിലെ പുരി ബീച്ചിൽ ഒരു വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, “ഒഡീഷ സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചത്?” – മമത ചോദിച്ചു.
കൊൽക്കത്തയിൽ നിന്ന് ഏകദേശം 170 കിലോമീറ്റർ അകലെ ദുർഗാപൂരിലെ ശോഭാപൂരിനടുത്തുള്ള ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ് ബലാത്സംഗത്തിനിരയായത്. പെൺകുട്ടി ഒഡീഷയിലെ ജലേശ്വർ സ്വദേശിയാണ്. രാത്രി 8:30 ഓടെ വിദ്യാർത്ഥിനി ഒരു പുരുഷ സുഹൃത്തിനൊപ്പം ക്യാമ്പസിൽ നിന്ന് പുറത്തിറങ്ങിയതായും ക്യാമ്പസ് ഗേറ്റിന് സമീപം ഒരാൾ ആശുപത്രിക്ക് പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്തതായുമാണ് വിവരം. കേസിൽ മൂന്ന് പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. മറ്റ് രണ്ട് പ്രതികൾ ഇപ്പോഴും ഒളിവിലാണ്.
