കൊച്ചി : ശബരിമലയിലെ ദ്വാരപാലകശില്പങ്ങളിലെ സ്വർണപ്പാളികൾ മറിച്ചു വിറ്റുവെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. വില്‍പ്പന നടത്തിയത് ബാംഗ്ലൂരിലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച 20 പേജുള്ള റിപ്പോര്‍ട്ടിലാണ് ഈ പരാമർശമുള്ളത്.
2016 മുതല്‍ നടത്തിയ ഗൂഢാലോചനയാണ് 2019ല്‍ നടപ്പാക്കിയത് എന്നതും വ്യക്തമാക്കുന്നുണ്ട്. സ്വര്‍ണവും ചെമ്പുപാളികളും ബാംഗ്ലൂരില്‍ എത്തിച്ച് വില്‍പ്പന നടത്തിയതിന്റെ നിര്‍ണായക വിവരങ്ങള്‍ ദേവസ്വം വിജിലന്‍സിന് ലഭിച്ചു എന്നുള്ള കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നു. ചെന്നൈയിലെ നവീകരണം കഴിഞ്ഞ ഒക്ടോബർ 17-ന് ദ്വാരപാലകശില്പങ്ങളിൽ ചേർക്കാൻ സന്നിധാനത്തെ ലോക്കർ റൂമിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണപ്പാളികളിൽ ദേവസ്വം വിജിലൻസ് കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. 2019-ന് മുൻപുള്ള ചിത്രങ്ങളും ഇപ്പോഴത്തെ പാളികളും വിശദമായി വിശകലനംചെയ്തിട്ടുണ്ട്. ഈ പരിശോധനയും പാളികൾ മാറ്റിയെന്ന നിഗമനത്തിലേക്കെത്തിക്കുന്നു. പുതിയ പാളികൾക്ക് പഴയതുമായി ചില അളവുവ്യത്യാസങ്ങൾ ഉണ്ടെന്ന സൂചനയും ലഭിച്ചിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് ശശിധരനോട് കോടതി നേരിട്ട് വിവരങ്ങള്‍ തേടി. അന്വേഷണ സംഘത്തിന് കോടതി നിര്‍ദ്ദേശങ്ങള്‍ നല്‍കി. വിജിലന്‍സ് സെക്യൂരിറ്റി ഓഫിസറോടും ദേവസ്വം ബെഞ്ച് വിവരങ്ങള്‍ നേരിട്ട് തേടി. ക്ഷേത്ര ശ്രീകോവിലിൽ വർഷങ്ങളോളം ഇരുന്ന സ്വർണരൂപം, ശനിദോഷമകറ്റാനും ഐശ്വര്യവർദ്ധനയ്ക്കും ഉപകരിക്കുമെന്ന പ്രചാരണം നടത്തി വിറ്റെന്നാണ് വിലയിരുത്തൽ.
