തിരുവനന്തപുരം: സര്‍വ്വകലാശാലകളിലെ താല്‍ക്കാലിക വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാരിനെ മറികടന്ന് വീണ്ടും ഗവർണറുടെ നടപടി. കെടിയു സര്‍വ്വകലാശാല വൈസ് ചാന്‍സലറായി കെ. ശിവപ്രസാദിനെയും ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറായി സിസാ തോമസിനെയും ആറുമാസത്തേക്ക് നിയമിച്ച് ഗവർണർ രാജേന്ദ്ര ആര്‍ലേക്കര്‍ ഒപ്പുവെച്ച വിജ്ഞാപനം രാജ്ഭവൻ പുറത്തിറക്കി
സാങ്കേതിക സര്‍വ്വകലാശാലയിലും ഡിജിറ്റല്‍ സര്‍വ്വകലാശാലയിലും സ്ഥിരം വൈസ് ചാന്‍സലര്‍മാർ വരുന്നത് വരെ നിലവിലുള്ള താത്ക്കാലിക വൈസ് ചാന്‍സലര്‍മാരെ പുനര്‍നിയമിച്ച് കൊണ്ട് ഗവര്‍ണര്‍ക്ക് ഉത്തരവിറക്കാമെന്ന് സുപ്രീംകോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണറുടെ നീക്കം.
അതേസമയം, താത്ക്കാലിക വൈസ് ചാന്‍സലർ നിയമനം നടക്കേണ്ടത് സാങ്കേതിക സര്‍വ്വകലാശാല ആക്ടിന്റെ 13 (7) വകുപ്പ് പ്രകാരവും ഡിജിറ്റല്‍ സര്‍വ്വകലാശാല ആക്ടിന്റെ 11 (10) വകുപ്പ് പ്രകാരവുമാണെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളത്. ഇതനുസരിച്ച് , സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍നിന്ന് മാത്രമെ താത്ക്കാലിക വൈസ് ചാന്‍സലര്‍ നിയമനം സാദ്ധ്യമാകു. നിലവില്‍ ഉള്ളവരെ വീണ്ടും നിയമിക്കണമെങ്കിലും ചാന്‍സലര്‍ ആയ ഗവര്‍ണര്‍ക്ക് ഈ വകുപ്പ് പാലിക്കേണ്ടി വരും. എന്നിരിക്കെയാണ് ചാന്‍സലര്‍ വീണ്ടും താത്ക്കാലിക വൈസ് ചാന്‍സലന്മാരെ നിയമിച്ച് വിജ്ഞാപനം പുറത്തിറക്കിയിട്ടുള്ളത്. ഗവർണറുടെ നീക്കത്തിൽ സർക്കാർ പ്രതികരണം വന്നിട്ടില്ല.
