തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്‌ത്രക്രിയക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവത്തിൽ വിദഗ്ധസമിതിക്ക് മുന്നിൽ മൊഴി നൽകി സുമയ്യ. തുടർന്ന് ചികിത്സയുമായി ബന്ധപ്പെട്ട രേഖകളും വിദഗ്ധ സമിതിക്ക് മുമ്പിൽ ഹാജരാക്കി. കൂടുതൽ ഡോക്ടർമാരെ ഉൾപ്പെടുത്തി വിപുലീകരിച്ച സമിതിയാണ് ചികിത്സ പിഴവ് പരാതി അന്വേഷിക്കുന്നത്.
സുമയ്യ പോലീസിന് നൽകിയ പരാതി കന്റോൺമെന്റ് എസിപിയാണ് അന്വേഷിക്കുക. നിലവിൽ കന്റോൺമെന്റ് സി ഐ അയായിരുന്നു അന്വേഷിച്ചിരുന്നത്. ചികിത്സ പിഴവുകളെ സംബന്ധിച്ച് ഡിവൈഎസ്പി റാങ്കിലുള്ളവർ അന്വേഷിക്കണമെന്നതിനാലാണ് പരാതി എസിപിക്ക് കൈമാറിയത്.
2023 മാർച്ചിൽ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെയാണ് ഗൈഡ്‌വയർ സുമയ്യയുടെ ഹൃദയത്തിലേക്കുള്ള രക്തക്കുഴലിൽ കുടുങ്ങിയത്. ഇതിനെ തുടർന്ന് ശ്വാസതടസ്സം ഉൾപ്പെടെ വലിയ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് സുമയ്യ പറഞ്ഞു. ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെയും സുമയ്യയും കുടുംബവും സന്ദർശിച്ചിരുന്നു.
