തിരുവനന്തപുരം: യാത്രക്കാരിയെ സഹായിക്കാൻ തുനിഞ്ഞിറങ്ങി ഗതികേടിലായ അനുഭവം മുൻ ഡിജിപി ഋഷിരാജ് സിങ്ങിൻ്റേതാണ്. തീവണ്ടിയിൽ യാത്രിക കണ്ണട മറന്നുെവച്ചെന്നുകരുതി തിരികെ കൊടുക്കാൻ പ്ലാറ്റ്‌ഫോമിൽ ഇറങ്ങിയ മുൻ ഡിജിപി ഋഷിരാജ് സിങ്ങിന് വണ്ടിയും നഷ്ടമായി, വിലകൂടിയ കണ്ണട മോഷ്ടിച്ചെന്ന മാധ്യമ വാർത്തയിലിടവും നേടി. സർവ്വീസിൽ ഉടനീളം സത്യസന്ധനായ ഉദ്യോഗസ്ഥനെന്നു പേരെടുത്ത ഋഷിരാജ് സിങ് വാസ്തവവിരുദ്ധമായ വാർത്തയുണ്ടാക്കിയ ആഘാതത്തിൽ അന്തംവിട്ടു നിൽക്കുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. വന്ദേഭാരതിൽ തിരുവനന്തപുരത്ത് നിന്നും തിരൂരിലേക്കുള്ള യാത്രയിലായിരുന്നു കഥാനായകൻ! വണ്ടി എറണാകുളത്ത് എത്തിയപ്പോൾ എതിർവശത്തെ സീറ്റിലുണ്ടായിരുന്ന തൃശ്ശൂർ സ്വദേശിനി ഡോ. രമാ മുകേഷും ഭർത്താവും മകളും ഇറങ്ങാനൊരുങ്ങുന്നത് അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ധൃതിപിടിച്ച് ഇറങ്ങുന്നതിനിടെ അവർ പുസ്തകവും കണ്ണടയും സീറ്റിൽ മറന്നു വെച്ചത് അൽപ്പനേരം കഴിഞ്ഞാണ് ഋഷിരാജ് സിങിൻ്റെ കണ്ണിൽ പെട്ടത്. ഉടൻ തന്നെ അതെടുത്ത് അവർക്ക് കൊടുക്കാനായി അദ്ദേഹം ട്രെയിനിൽ നിന്ന് ചാടിയിറങ്ങി. പ്ലാറ്റ്‌ഫോമിൽ തിരഞ്ഞപ്പോൾ ഡോക്ടറെയും കുടുംബത്തേയും കണ്ടില്ല. ഇതിനിടെ ഡോർ അടഞ്ഞ് വന്ദേഭാരത് യാത്ര തുടർന്നു. ഋഷിരാജ് സിങ് കണ്ണടയും പുസ്തകവുമായി എറണാകുളം പ്ലാറ്റ്ഫോമിലും അദ്ദേഹത്തിന്റെ പഴ്‌സും ഐഫോണും ബാഗും ഉൾപ്പെടെയുള്ള വിലകൂടിയ വസ്തുക്കൾ തീവണ്ടിയിലും.
അതേസമയം, മകൾ എറണാകുളത്ത് ഇറങ്ങിയപ്പോൾ യാത്രപറയാൻ വാതിലിനടുത്ത് വരെ പോയതല്ലാതെ ഡോക്ടറും ഭർത്താവും തീവണ്ടിയിൽ നിന്നും ഇറങ്ങിയിരുന്നില്ല. വാതിലിന് സമീപത്തുനിന്ന ഇവരെ കാണാതെയാണ് സിങ് പ്ലാറ്റ്‌ഫോമിൽ ഡോക്ടറെയും കുടുംബത്തേയും തപ്പി നടന്നത്.
പ്ലാറ്റ്‌ഫോമിൽ കുടുങ്ങിയ ഋഷിരാജ് സിങ് അവിടത്തെ
റസ്റ്ററന്റിലെത്തി കണ്ണടയും പുസ്തകവും റെയിൽവേ പോലീസിനു കൈമാറാനായി പറഞ്ഞേൽപ്പിച്ച് പരിചയമുള്ള മാനേജരിൽ നിന്ന് 500 രൂപ കടം വാങ്ങി അടുത്ത തീവണ്ടിയിൽ ടിക്കറ്റ് എടുത്തു. വന്ദേഭാരതിലുള്ള തന്റെ ബാഗും മൊബൈൽഫോണും തിരൂരിൽ തന്നെ കൂട്ടാനെത്തുന്ന വ്യക്തിക്കു കൈമാറാനുള്ള ഏർപ്പാടും ചെയ്തു.
ഇതിനിടെ ഡോക്ടറും ഭർത്താവും തീവണ്ടിയിൽ കണ്ണടയ്ക്കായി തിരച്ചിൽ തുടരുകയായിരുന്നു. തൃശ്ശൂരിൽ ഇറങ്ങിയ ഡോക്ടർ തൻ്റെ 30,000 രൂപ വിലവരുന്ന കണ്ണട ട്രെയിനിൽ വെച്ച് നഷ്ടപ്പെട്ടുവെന്ന് പരാതിയും നൽകി. തൊട്ടുപിന്നാലെ തന്നെ, കണ്ണടയും പുസ്തകവും ലഭിച്ച വിവരം പോലീസ് ഡോക്ടറെ അറിയിച്ചു. മുൻ ഡിജിപി ഋഷിരാജ് സിങ്ങാണ് തന്റെ കണ്ണട തിരികെ ഏൽപ്പിച്ചതെന്ന് അറിഞ്ഞ ഡോക്ടർ അദ്ദേഹത്തെ വിളിച്ച് നന്ദി അറിയിച്ചു. കഥ ഇവിടെ അവസാനിക്കേണ്ടതാണ്. കഥാനായകൻ നന്ദി ലഭിച്ചതിൻ്റെ സന്തോഷത്തിലും നല്ലൊരു കാര്യം ചെയ്തതിൻ്റെ ആശ്വാസത്തിലും യാത്ര തുടരവെയാണ് ആ വാർത്ത വരുന്നത് – വന്ദേഭാരതിൽ നിന്നും യാത്രക്കാരിയുടെ 30000 രൂപ വിലയുള്ള കണ്ണട മോഷ്ടിച്ചുവെന്ന വാർത്ത. ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഒരു മാധ്യമത്തിന് നൽകിയതാണത്രെ വിവരം. പോരെ, പുകില് !
