(Photo : Symbolic image/AirIndia/X)
ഹോങ്കോങ് : ഹോങ്കോങ്ങിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ സംശയിച്ച് തിരിച്ചിറക്കിയതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച രാവിലെ ഹോങ്കോങ്ങിൽ നിന്ന് പുറപ്പെട്ട ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമായ AI315 ന് ഡൽഹിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് തകരാർ കണ്ടെത്തിയത്. സ്റ്റാൻഡേർഡ് സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് തിരിച്ചിറക്കാനായിരുന്നു പൈലറ്റിൻ്റെ തീരുമാനം. തുടർന്ന് വിമാനം ഹോങ്കോങ്ങിൽ സുരക്ഷിതമായി തിരിച്ചിറക്കി. ആളപായമൊന്നുമില്ല.
അപകടത്തിൽപ്പെട്ട വിമാനത്തിൽ നിന്ന് എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. സാങ്കേതിക പ്രശ്‌നത്തിന്റെ സ്വഭാവത്തെക്കുറിച്ചോ വിമാനത്തിന്റെ പുനഃക്രമീകരണത്തെക്കുറിച്ചോ എയർ ഇന്ത്യ ഇതുവരെ ഒരു പ്രസ്താവനയും ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ല. അഹമ്മദാബാദിലുണ്ടായ ദാരുണമായ വിമാനപകടത്തിന് ശേഷം ദിവസങ്ങൾക്കിടെയാണ എയർ ഇന്ത്യയുടെ അതേ മോഡലിലുള്ള മറ്റൊരു വിമാനം കൂടി സാങ്കേതിക തകരാറിൻ്റെ കാരണം പറഞ്ഞ് തിരിച്ചിറക്കുന്നത്.
അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ 787-8 ഡ്രീംലൈനർ പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 241 പേർ ഉൾപ്പെടെ 270 പേരാണ് അന്ന് മരണത്തിന് കീഴടങ്ങിയത്. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ മേഘാനിനഗർ പ്രദേശത്തെ ഒരു മെഡിക്കൽ കോളേജ് ക്യാമ്പസിലേക്ക് വിമാനം ഇടിച്ചുകയറി തീപിടിക്കുകയായിരുന്നു. വിമാനയാത്രികർക്ക് പുറമെ അഞ്ച് എംബിബിഎസ് വിദ്യാർത്ഥികൾ ജീവൻനവറ്റെടുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരേയൊരാൾ മാത്രമാണ് അത്ഭുതകരമായി അന്ന് രക്ഷപ്പെട്ടത്.