ആലപ്പുഴ : ആലപ്പുഴ റെയിൽവെ സ്റ്റേഷൻ ട്രാക്കിൽ മനുഷ്യന്‍റെ കാൽ കണ്ടെത്തി. എറണാകുളം – ആലപ്പുഴ മെമു ട്രാക്കിൽ നിന്നു മാറ്റിയപ്പോഴാണ് മനുഷ്യ ശരീരഭാഗം കണ്ടത്. രാവിലെ ഒമ്പതുമണിയോടെയാണ് എറണാകുളത്ത് നിന്ന് മെമു ട്രെയിൻ ആലപ്പുഴയിൽ എത്തിയത്. ട്രെയിൻ യാര്‍ഡിലേക്ക് മാറ്റിയശേഷം ട്രാക്കിൽ ശുചീകരണത്തിന് എത്തിയ തൊഴിലാളികളാണ് കാലിന്‍റെ ഭാഗം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
റെയിൽവെ ട്രാക്കിൽ വെച്ച് ട്രെയിൻ ഇടിച്ചശേഷം കാൽ ഭാഗം ട്രെയിനിൽ കുടുങ്ങിയതായിരിക്കുമോയെന്ന കാര്യമടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്കും അതിനുശേഷം കോട്ടയത്തേക്കും ഷൊര്‍ണൂരിലേക്കും പിന്നീട് എറണാകുളത്തേക്കും അവിടെ നിന്ന് ആലപ്പുഴയിലേക്കും സര്‍വ്വീസ് നടത്തുന്ന മെമു ട്രെയിൻ ആണിത്. വിവിധ ജില്ലകളിലൂടെ പോകുന്ന മെമു ട്രെയിൻ ആയതിനാൽ തന്നെ മറ്റു ജില്ലകളില്‍ ആരെങ്കിലും ട്രെയിൻ തട്ടി മരിച്ചിട്ടുണ്ടെയന്ന കാര്യമടക്കം അന്വേഷിക്കും.
മൃതദേഹ ഭാഗത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നതെന്നും ട്രാക്കിൽ മൃതദേഹത്തിന്‍റെ മറ്റു ഭാഗങ്ങള്‍ എവിടെയെങ്കിലും കണ്ടെത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. ഡിഎൻഎ പരിശേധനയടക്കം നടത്തും. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹ അവശിഷ്ടം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
