കൊച്ചി : പ്രേംനസീറിനെക്കുറിച്ചുള്ള ടിനി ടോമിൻ്റെ പ്രസ്താവന കൂടുതൽ വിവാദത്തിലേക്ക്. മണിയൻപിള്ള രാജുവാണ് പ്രേംനസീർ കഥകൾ പറഞ്ഞുതന്നതെന്നായിരുന്നു സംഭവം വിവാദമായപ്പോൾ ടിനി ടോം മുന്നോട്ടു വെച്ച വാദം. എന്നാൽ ടിനി ടോമിനെ പൂർണ്ണമായി തള്ളി നടൻ മണിയൻപിള്ള രാജു രംഗത്തെത്തി. സംവിധായകൻ ആലപ്പി അഷ്റഫിനോട് നടത്തിയ ഫോൺ സംഭാഷണത്തിലാണ് മണിയൻപിള്ള രാജു ഇക്കാര്യം വ്യക്തമാക്കിയത്. താൻ ഒരിക്കലും ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ലെന്ന് മണിയൻപിള്ള രാജു വ്യക്തമാക്കിയതായി ആലപ്പി അഷ്റഫ് വെളിപ്പെടുത്തി. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ആലപ്പി അഷ്റഫ് ഇക്കാര്യം പുറംലോകത്തെത്തിച്ചത്. മണിയൻപിള്ള രാജുവിന്റെ ഫോൺ സംഭാഷണവും ആലപ്പി അഷ്റഫ് ഇതോടൊപ്പം പുറത്തു വിടുകയും ചെയ്തു.
മണിയൻപിള്ള രാജുവിന്റെ ഫോൺ ഭാഷണം ഇങ്ങനെ – ‘‘ടിനിയൊന്നും നസീര്‍ സാറിനെ കണ്ടിട്ട് പോലുമില്ല. ഞാന്‍ അദേഹത്തിന്റെ കൂടെ പത്തു പതിനഞ്ച് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഞാന്‍ എന്റെ ഇന്റര്‍വ്യൂകളിലും പ്രസംഗത്തിലുമൊക്കെ പറയാറുണ്ട്, ഇത്രയും ദൈവതുല്യനായ ഒരാളെ ജീവിതത്തിൽ കണ്ടിട്ടില്ല എന്ന്. വര്‍ഷാവര്‍ഷം നടക്കുന്ന നസീര്‍ സാറിന്റെ പരിപാടികളില്‍ ഞാന്‍ പോയി സംസാരിക്കാറുണ്ട്. ഈ ടിനി ടോം മുമ്പും മണ്ടത്തരങ്ങള്‍ പറഞ്ഞ് വിവാദങ്ങളില്‍ ചെന്ന് പെട്ടിട്ടുണ്ട്. എന്തിനാണ് ഇത്ര മഹാനായ ഒരാളെപ്പറ്റി മോശമായി സംസാരിക്കുന്നത്? ഇവന് ഭ്രാന്താണെന്ന് തോന്നുന്നു. മരിച്ചു പോയ ഒരാളാണ്. ദൈവതുല്യനായ മനുഷ്യനാണ്.”
“ഏറ്റവും കൂടുതല്‍ നായകനായതിന്റെ റെക്കോര്‍ഡുള്ള മനുഷ്യനാണ് നസീർ സാർ. ഞാൻ ഒരിക്കലും അദ്ദേഹത്തെപ്പറ്റി അങ്ങനെയൊരു കാര്യം പറയില്ല. നസീർ സാറിനെ ഇഷ്ടപ്പെടുന്നവർ ടിനിയെ കല്ലെറിയും. അദ്ദേഹത്തെ അത്രയും ആരാധിക്കുന്നവരുണ്ട്. ടിനി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. ടിനിയുടെ പ്രസ്താവനയിൽ ആരൊക്കെയോ കേസ് കൊടുത്തിട്ടുണ്ട്. ഞാന്‍ അങ്ങനെ പറയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. അദ്ദേഹത്തെക്കുറിച്ച് ഞാന്‍ എത്രയോ തവണ എഴുതിയിട്ടുണ്ട്. രണ്ട് പടം വന്നാല്‍ പണ്ട് നടന്ന വഴിയൊക്കെ മറക്കും ഇവരെല്ലാം. അങ്ങനെയൊന്നും ചെയ്യാൻ പാടില്ല.’’
