ടെഹ്റാൻ : ഇറാനിൽ പ്രക്ഷോഭം കടുക്കുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി അവിടെയുള്ള ഇന്ത്യൻ പൗരന്മാരോട് അടിയന്തരമായി രാജ്യം വിട്ടുപോരാൻ നിർദ്ദേശിച്ച് ഇന്ത്യ. ഇറാനിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യതിലുള്ള മുന്നറിയിപ്പ് നൽകിയത്. രാജ്യത്ത് വർദ്ധിച്ചുവരുന്ന അക്രമ സംഭവങ്ങളും അശാന്തിയും കണക്കിലെടുത്താണ് ഈ നിർദ്ദേശമെന്നും പറയുന്നു.
ഇറാനിലെ പ്രതിഷേധങ്ങളിൽ മരിച്ചവരുടെ എണ്ണം 2,000 കടന്നതോടെയാണ് നിർദ്ദേശം എത്തിയത്. വിദ്യാർത്ഥികൾ, തീർത്ഥാടകർ, ബിസിനസുകാർ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെ എല്ലാ പൗരന്മാരോടുമാണ് വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെയുള്ള ലഭ്യമായ മാർഗ്ഗങ്ങൾ ഉപയോഗിച്ച് രാജ്യം വിടാൻ ഇറാനിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടത്.
ആഴ്ചകൾ നീണ്ടുനിന്ന പ്രതിഷേധത്തിന് എണ്ണ പകരും പോലെയാണ് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രതിഷേധക്കാരോടുള്ള ആഹ്വാനവും വന്നത്. പ്രതിഷേധം ശക്തമാക്കാനും രാജ്യത്തെ സ്ഥാപനങ്ങൾ പിടിച്ചെടുക്കാനുമാണ് ഇറാനികളോട് ട്രംപ് നിർദ്ദേശിച്ചത്. കൂടാതെ അവർ പിന്നോട്ട് പോകരുതെന്നും കൂടുതൽ സഹായം ഉടൻ എത്തുമെന്നും ട്രംപ് തൻ്റെ സന്ദേശത്തിൽ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിൽ, ഇന്ത്യക്കാർ അതീവ ജാഗ്രത പാലിക്കാനും, പ്രതിഷേധ മേഖലകളിൽ പോകുന്നത് ഒഴിവാക്കാനും, ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയുമായി സമ്പർക്കം പുലർത്താനും അധികൃതർ നിർദ്ദേശിച്ചു.
യാത്രാ, തിരിച്ചറിയൽ രേഖകൾ തയ്യാറാക്കി സൂക്ഷിക്കാനും, പ്രാദേശിക സംഭവവികാസങ്ങൾ നിരീക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ എത്രയും വേഗം അങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സഹായത്തിനായി അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറുകളും ഇമെയിൽ പിന്തുണയും സജീവമാക്കിയിട്ടുണ്ട്.
“ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും പാസ്‌പോർട്ടുകൾ, ഐഡികൾ എന്നിവയുൾപ്പെടെയുള്ള യാത്രാ, ഇമിഗ്രേഷൻ രേഖകൾ കൈവശം വയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇതുസംബന്ധിച്ച എന്തെങ്കിലും സഹായത്തിന് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു,” നിർദ്ദേശത്തിൽ പറയുന്നു.
