[Photo Courtesy : X]
ന്യൂഡൽഹി : രാജ്യത്തിൻ്റെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി തലസ്ഥാനത്തെ കർത്തവ്യ പഥിൽ നടക്കുന്ന വർണ്ണാഭമായ പരേഡിൽ ആദ്യ ഹൈപ്പർസോണിക് മിസൈൽ അവതരിപ്പിച്ച് ഇന്ത്യ. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനാണ് (DRDO) ലോംഗ് റേഞ്ച് ആന്റി-ഷിപ്പ് ഹൈപ്പർസോണിക് ഗ്ലൈഡ് മിസൈൽ (LRAShM) വികസിപ്പിച്ചെടുത്തത്. ഇന്ത്യൻ നാവികസേനക്ക് വേണ്ടിയാണ് ഈ മിസൈൽ ഒരുക്കുന്നത്. ഇത് ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഇന്ത്യയുടെ സമുദ്ര ആക്രമണ ശേഷിയെ ശക്തിപ്പെടുത്തുമെന്നാണ് ലഭ്യമായ വിവരം. ഈ മിസൈൽ ഹൈപ്പർസോണിക് ആയതുകൊണ്ടുതന്നെ ശത്രു റഡാറുകൾക്ക് ഇത് കണ്ടെത്താനാകില്ല.

ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിൾ (HGV) ഒരു റോക്കറ്റിൽ വിക്ഷേപിക്കും. പിന്നീട് ലക്ഷ്യത്തിലെത്താൻ ക്രമരഹിതമായ ഒരു പാതയിലൂടെ നീങ്ങും. ഇത് തടയാൻ വളരെ ബുദ്ധിമുട്ടാണ്. ഇതിന് 15 മിനിറ്റിനുള്ളിൽ ശത്രു കപ്പലുകളെ നശിപ്പിക്കാൻ കഴിയും. വിവിധതരം വാർഹെഡുകൾ വഹിക്കാൻ ഇതിന് കഴിയും. ശത്രു യുദ്ധക്കപ്പലുകളെയും വിമാനവാഹിനിക്കപ്പലുകളെയും നശിപ്പിക്കാൻ കഴിവുള്ളതാണിവ. പ്രധാനമായും കപ്പൽവേധ റോളിൽ ഇന്ത്യൻ നാവികസേനയ്ക്ക് ഉപകാരപ്രദമാകും. എന്നാൽ ഭാവിയിൽ ഒരു കര-ആക്രമണത്തിനും സാദ്ധ്യമാണെന്ന് പറയുന്നു.
ശത്രുവിന്റെ റഡാറിൽ നിന്ന് ഒഴിഞ്ഞുമാറി വേഗത്തിൽ ആക്രമിക്കാനും ഹൈപ്പർസോണിക് വേഗത ശത്രുവിന് പ്രതികരിക്കാൻ വളരെ കുറച്ച് സമയം മാത്രമേ നൽകുന്നുള്ളൂവെന്നതുമാണ് സവിശേഷത. ഭാവിയിൽ ഇതിന്റെ ദൂരപരിധി 3000-3500 കിലോമീറ്ററായി ഉയർത്താനാണ് ഡിആർഡിഒ ലക്ഷ്യമിടുന്നത്. ഹൈപ്പർസോണിക് മിസൈലുകളാണ് ഇന്ത്യയുടെ ഭാവി എന്ന് ഡിആർഡിഒ ശാസ്ത്രജ്ഞർ പറയുന്നു.
ഹൈദരാബാദിൽ ഡിആർഡിഒയുടെ ഡോ. എപിജെ അബ്ദുൾ കലാം മിസൈൽ കോംപ്ലക്സിലാണ് ഹൈപ്പർസോണിക് ഗ്ലൈഡ്, ക്രൂയിസ് മിസൈൽ സാങ്കേതികവിദ്യയുടെ നിർമ്മാണ പ്രവർത്തനങ്ങൾ
പുരോഗമിക്കുന്നത്. നിർമ്മാണം പൂർത്തിയാക്കി നാവിക സേനക്ക് കൈമാറുന്നതോടെ ഹൈപ്പർസോണിക് മിസൈൽ കൈവശമുള്ള ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളായ റഷ്യ, ചൈന, അമേരിക്ക എന്നിവരുടെ നിരയിലിലേയ്ക്ക് ഇന്ത്യകൂടി ഉയർത്തപ്പെടും.
